സംസ്ഥാനത്ത് പുതിയ മന്ത്രിസഭയുടെ രൂപീകരണ നടപടികൾ അവസാന ഘട്ടത്തിലേക്ക്. മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു.
യുഡിഎഫ് യോഗത്തിന്റെ തീരുമാനപ്രകാരം തിങ്കളാഴ്ച പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മന്ത്രിമാരുടെ വകുപ്പുകളും എണ്ണവും സംബന്ധിച്ച കാര്യങ്ങളിൽ ഇന്ന് ഉഭയകക്ഷി ചർച്ചകൾ നടക്കും.
ഇതിന് മുന്നോടിയായി യുഡിഎഫ് നേതൃയോഗവും ചേരുന്നുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തിരുവനന്തപുരത്തെത്തി ചർച്ചകൾക്ക് നേതൃത്വം നൽകുന്നു.
മന്ത്രിമാരുടെ അന്തിമ പട്ടിക നാളെ ഉച്ചയോടെ ഗവർണർക്ക് സമർപ്പിക്കും. 21 അംഗ മന്ത്രിസഭയാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത്.
എംഎൽഎമാരുടെ സത്യപ്രതിജ്ഞ 21-നും, നയപ്രഖ്യാപന പ്രസംഗം 29-നും നടക്കും. ജൂൺ 5-ന് ആദ്യ ബജറ്റ് അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അതേസമയം, മന്ത്രിസഭയിലെ സ്ഥാനങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള നീക്കങ്ങളും സജീവമാണ്. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുമായി കെ സി വേണുഗോപാൽ കൂടിക്കാഴ്ച നടത്തി.
ചെന്നിത്തലയുമായി സംസാരിച്ചെന്നും രമ്യമായ പരിഹാരം ഉണ്ടാകുമെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. ആഭ്യന്തര വകുപ്പ് വേണമെന്ന നിലപാടിലാണ് അദ്ദേഹം ഇപ്പോഴും.
മുന്നണിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച മുസ്ലിം ലീഗ് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ നാല് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായിട്ടുണ്ട്.
അഞ്ചാമത്തെ മന്ത്രിയുടെ പേര് യുഡിഎഫ് യോഗത്തിന് ശേഷം തീരുമാനിക്കും. എന്നാൽ, മന്ത്രിസ്ഥാനങ്ങൾക്ക് ലീഗ് ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്ന് തിരുവനന്തപുരത്തെത്തിയ സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
സതീശനെതിരായ വിമർശനങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ‘കായുള്ള മരത്തിലേ ചിലർ കല്ലെറിയൂ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

