പൂച്ചാക്കൽ∙ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമാകുന്ന മാക്കേക്കടവ്– നേരേകടവ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങുകൾക്കായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. മാക്കേക്കടവ് പാലത്തോട് ചേർന്നുതന്നെയാണ് ചടങ്ങിനായുള്ള പന്തൽ ഒരുക്കുന്നത്.
വരുന്ന 18ന് രാവിലെ 9ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പാലം നാടിന് സമർപ്പിക്കും. ഏകദേശം നാലായിരത്തോളം ചതുരശ്ര അടി വിസ്തൃതിയിലാണ് ചടങ്ങിനായുള്ള വേദിയും പന്തലും നിർമ്മിക്കുന്നത്.
പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ബാരിക്കേഡുകൾ ഉൾപ്പെടെയുള്ള എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. ഉദ്ഘാടന വേദിയിൽ അൻപതോളം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും.
ചടങ്ങിൽ കുറഞ്ഞത് 2500 പേരെയാണ് സദസ്യരായി സംഘാടകർ പ്രതീക്ഷിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നിരീക്ഷണങ്ങൾ നടത്തിക്കഴിഞ്ഞു.
സുരക്ഷയുടെ ഭാഗമായി ഡോഗ് – ബോംബ് സ്ക്വാഡുകൾ വരുന്ന ദിവസങ്ങളിൽ ഇവിടെയെത്തി പരിശോധന നടത്തും. ചേർത്തല – അരൂക്കുറ്റി റോഡിലെ മാക്കേക്കവല മുതൽ മാക്കേക്കടവ് വരെയുള്ള പാതകൾ കൊടിതോരണങ്ങളാൽ അലങ്കരിച്ചു വരികയാണ്.
ഇതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സ്വാഗത ആർച്ചുകളും ഫ്ലെക്സ് ബോർഡുകളും സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിനോടൊപ്പം മാക്കേക്കവല – മാക്കേക്കടവ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
രണ്ടുദേശങ്ങൾ കൈകോർക്കുന്നു: നാൾവഴികൾ
* പാലത്തിന് തറക്കല്ലിട്ടത് 2017 ജനുവരി 27ന് നേരേകടവിൽ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ.
* ഭൂമി വിട്ടുനൽകിയ വസ്തു ഉടമകളുടെ കേസുമായി ബന്ധപ്പെട്ട
തർക്കങ്ങൾ കാരണം നിർമ്മാണം വർഷങ്ങളോളം നീണ്ടുപോയി.
* അനിശ്ചിതത്വങ്ങൾക്കൊടുവിൽ പാലത്തിന്റെ നിർമ്മാണം പുനരാരംഭിച്ചത് 2024 മാർച്ചിൽ.
* കായൽ കടക്കാൻ ഈ പ്രദേശത്തുകാർ മുൻപു ആശ്രയിച്ചിരുന്നത് കടത്തുവള്ളം, ചങ്ങാടം, ജങ്കാർ എന്നിവയെയായിരുന്നു.
* കോട്ടയം, വൈക്കം ഭാഗത്തു നിന്നുള്ള യാത്രക്കാർക്ക് ഈ പാലം വഴി എറണാകുളത്തേക്കുള്ള യാത്രാദുരിതം ഏറെക്കുറെ ഒഴിവാക്കാം.
* മാക്കേക്കടവ് – നേരേകടവ് റൂട്ടിൽ നിലവിൽ ഇരുചക്ര വാഹനം മാത്രം കയറുന്ന ചങ്ങാട സർവീസാണുള്ളത്.
* ഈ പാലം പ്രശസ്തമായ തുറവൂർ – പമ്പ പാത പദ്ധതിയുടെ ഭാഗമായാണ് നിർമ്മിച്ചിരിക്കുന്നത്.
* പദ്ധതിയുടെ ആദ്യ പാലമായ തൈക്കാട്ടുശേരി – തുറവൂർ പാലം പൂർത്തിയായത് 2015ൽ ആണ്.
* തുറവൂർ–തൈക്കാട്ടുശേരി–മാക്കേക്കടവ്–നേരേകടവ്–ഉദയനാപുരം– വൈക്കം–കടുത്തുരുത്തി–പാലാ–എരുമേലി വഴി പമ്പയിലെത്തുന്നതാണ് നിർദിഷ്ട
തുറവൂർ – പമ്പ പാത.
* ഭാവിയിൽ ശബരിമല യാത്രക്കാർക്ക് ഉപയോഗപ്രദമാകുന്ന പുതിയൊരു യാത്രാപാത കൂടിയാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

