കടലില് കാണാതാകുന്നവരുടെ മരണ സര്ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഏഴു വര്ഷത്തെ കാത്തിരിപ്പ് കാലാവധി കുറയ്ക്കണമെന്ന് സംസ്ഥാന സര്ക്കാര് കേന്ദ്രസര്ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനായി നിയമത്തില് ഉചിതമായ ഭേദഗതി വരുത്തണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രി വി.ഇ അബ്ദുള് ഗഫൂര് നിയമസഭയില് ചോദ്യോത്തര വേളയില് വ്യക്തമാക്കി.
കപ്പല് അപകടങ്ങളില്പ്പെട്ട് ദുരിതത്തിലാകുന്ന മത്സ്യത്തൊഴിലാളികള്ക്ക് അര്ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനുള്ള അടിയന്തര ഇടപെടലുകള് സര്ക്കാര് നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. നിലവിലെ നിയമവ്യവസ്ഥ അനുസരിച്ച് ഒരാളെ കാണാതായാല് ഏഴ് വര്ഷം പൂര്ത്തിയായതിന് ശേഷം മാത്രമെ മരണ സര്ട്ടിഫിക്കറ്റ് അനുവദിക്കാന് സാധിക്കുകയുള്ളൂ.
ഈ നിയമം മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്ക്ക് വലിയ തോതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും പ്രതിസന്ധികളുമാണ് സൃഷ്ടിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കാലപരിധി കുറയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്ക്കാര് കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.
കാണാതായി ഏഴ് വര്ഷം പൂര്ത്തിയായ വ്യക്തിഗത കേസുകള് നിലവിലുണ്ടെങ്കില് അവ പ്രത്യേകമായി പരിശോധിച്ച് അടിയന്തര നടപടികള് സ്വീകരിക്കുമെന്നും, ഓഖി ദുരന്തത്തില് ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില് തൊഴില് നല്കുന്നത് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ, വലിയ കപ്പലുകളുടെയും കണ്ടെയ്നറുകളുടെയും ആഘാതത്തില് വള്ളങ്ങളും മീന്പിടിത്ത വലകളും നഷ്ടപ്പെട്ട് ദുരിതത്തിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്ക്ക് അര്ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികളും വേഗത്തിലാക്കുമെന്ന് സര്ക്കാര് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട നിയമനടപടികള് നിലവില് ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്.
കോടതി നടപടികള് അതിവേഗം പൂര്ത്തിയാക്കിക്കൊണ്ട് തൊഴിലാളികള്ക്ക് എത്രയും പെട്ടെന്ന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള തീവ്ര ശ്രമങ്ങളാണ് സര്ക്കാര് നടത്തിവരുന്നത്. നിയമസഭയില് എം.
വിന്സെന്റ്, സി.ആര് മനോജ് എന്നിവരുടെ ചോദ്യങ്ങള്ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള് വിശദീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

