മടക്കാവുന്ന ഫോണുകളുടെ (Foldable phones) ആഗോള വിപണിയിൽ കഴിഞ്ഞ ഏഴ് വർഷമായി സാംസങ് നിലനിർത്തിപ്പോരുന്ന ആധിപത്യത്തിന് കടുത്ത വെല്ലുവിളികൾ ഉയരുകയാണ്. മോട്ടോറോള റേസർ അൾട്രാ, ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ്, ഓപ്പോ ഫൈൻഡ് എൻ 6 തുടങ്ങിയ മോഡലുകൾ ഡിസ്പ്ലേ, ബാറ്ററി, പ്രോസസർ തുടങ്ങിയ കാര്യങ്ങളിൽ സാംസങ്ങിന് ഭീഷണിയായി വളർന്നുവരുന്നു.
ഈ സാഹചര്യത്തിലാണ് വിപണിയിൽ പിടിമുറുക്കാൻ സാംസങ് പുതിയ നീക്കങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. സാംസങ് പുതിയതായി വികസിപ്പിച്ചെടുത്ത Flex Titanium സാങ്കേതികവിദ്യ അടുത്ത തലമുറ ഗാലക്സി ഫോൾഡബിൾ ഉപകരണങ്ങളിൽ ഉൾപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.
ഒഎൽഇഡി പാനലിന് താഴെയായി സ്ഥാപിക്കുന്ന ഈ സാങ്കേതികവിദ്യ ഫോണിലെ മടക്ക് (Crease) വളരെ കുറയ്ക്കാൻ സഹായിക്കുന്നു. വരും ആഴ്ചകളിൽ നടക്കാനിരിക്കുന്ന Galaxy Unpacked വേദിയിൽ അവതരിപ്പിക്കാൻ പോകുന്ന Galaxy Z Fold 8, Galaxy Z Fold 8 Ultra എന്നീ മോഡലുകളിൽ ഈ സാങ്കേതികവിദ്യയുടെ സാന്നിധ്യം പ്രതീക്ഷിക്കാം.
ഈ വർഷം സെപ്റ്റംബറിൽ ആപ്പിൾ തങ്ങളുടെ മടക്കാവുന്ന ഫോൺ വിപണിയിലെത്തിക്കുമെന്ന റിപ്പോർട്ടുകൾ സാംസങ്ങിന്റെ തന്ത്രങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഐഫോൺ അൾട്രാ എന്ന പേരിൽ പുറത്തിറങ്ങുമെന്ന് കരുതപ്പെടുന്ന ഈ മോഡലിൽ ലിക്വിഡ് മെറ്റൽ ഹിഞ്ച് ഉപയോഗിക്കുന്നതിനാൽ സ്ക്രീനിൽ മടക്കുകൾ കാണില്ലെന്നാണ് അഭ്യൂഹം.
ഇതിനെ നേരിടാനാണ് Flex Titanium സാങ്കേതികവിദ്യയുമായി സാംസങ് വരുന്നത്. ഫോണിന്റെ ഭാരവും സാംസങ് ഗണ്യമായി കുറയ്ക്കുന്നുണ്ട്.
Galaxy Z Fold 8 വെറും 201 ഗ്രാമും, Galaxy Z Fold 8 Ultra 215 ഗ്രാമും മാത്രമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആപ്പിൾ പുറത്തിറക്കാൻ സാധ്യതയുള്ള ഐഫോൺ അൾട്രായുടെ പ്രതീക്ഷിക്കുന്ന ഭാരം 255 ഗ്രാം ആണ്.
ആൻഡ്രോയിഡ് ആവാസവ്യവസ്ഥയിൽ മാത്രം ചുരുങ്ങിയിരുന്ന ഫോൾഡബിൾ ഫോൺ വിപണിയിലേക്ക് ആപ്പിൾ പ്രവേശിക്കുന്നത് സാംസങ്ങിന്റെ വിപണി വിഹിതത്തെ ബാധിച്ചേക്കാം. നിലവിൽ ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ ഒന്നാം സ്ഥാനത്തുള്ള സാംസങ്ങിന് ആപ്പിളിന്റെ വരവ് വലിയൊരു അഗ്നിപരീക്ഷയായിരിക്കും.
സെപ്റ്റംബറിൽ ആപ്പിൾ തങ്ങളുടെ ഉൽപ്പന്നം പുറത്തിറക്കുമ്പോൾ മാത്രമെ ഇതിന്റെ യഥാർത്ഥ ആഘാതം വിപണിയിൽ ദൃശ്യമാകൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

