സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ നിന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന ടെന്നി ജോപ്പനെ ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകി.
പത്തനംതിട്ട കോന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്ന കുറ്റപത്രത്തിൽ നിന്നാണ് ഇദ്ദേഹത്തെ ഒഴിവാക്കുന്നത്.
ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
പരാതിക്കാരനായ മല്ലേലിൽ ശ്രീധരൻ നായർ, ഇരുപക്ഷവും തമ്മിൽ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിൽ എത്തിയതായും അതിനാൽ കേസ് നടപടികളുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്നും കോടതിയെ അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നടപടി.
താൻ വെറും ഒരു ഉപകരണമായി മാറുകയായിരുന്നുവെന്നും ഉമ്മൻ ചാണ്ടിയെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നീക്കങ്ങൾക്കാണ് തന്നെ ഉപയോഗിച്ചതെന്നും കോടതി വിധിയോട് ടെന്നി ജോപ്പൻ പ്രതികരിച്ചു. കേസിന്റെ പശ്ചാത്തലം
സോളാർ ബിസിനസ് പങ്കാളിത്തവും ഏജൻസിയും വാഗ്ദാനം ചെയ്ത് സരിത എസ്.
നായർ, ബിജു രാധാകൃഷ്ണൻ എന്നിവർ ചേർന്ന് 50 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു എന്നതായിരുന്നു മല്ലേലിൽ ശ്രീധരൻ നായരുടെ പരാതി. ഇതിൽ സരിത എസ്.
നായർ ഒന്നാം പ്രതിയും ബിജു രാധാകൃഷ്ണൻ രണ്ടാം പ്രതിയുമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് ടെന്നി ജോപ്പൻ പണം നൽകാൻ നിർബന്ധിച്ചു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോപ്പനെ മൂന്നാം പ്രതിയാക്കി കേസെടുത്തത്.
തുടർന്ന് അറസ്റ്റിലായ ജോപ്പൻ 65 ദിവസത്തോളം ജയിൽവാസം അനുഭവിച്ചിരുന്നു. 2013-ൽ സോളാർ വിവാദം കത്തിപ്പടർന്ന സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന ഏക പ്രധാന അറസ്റ്റ് ഇതായിരുന്നു.
ഐപിസി 420 വകുപ്പ് പ്രകാരമാണ് വഞ്ചനാക്കുറ്റം ചുമത്തിയിരുന്നത്. പാലക്കാട് കിൻഫ്ര പാർക്കിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്നായിരുന്നു കേസ്.
എന്നാൽ, പ്രതിഭാഗം വാദിച്ചതനുസരിച്ച് ടെന്നി ജോപ്പൻ പണം കൈപ്പറ്റിയതായി ഒരു തെളിവും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

