സ്വർണ വായ്പാ വിപണിയിലേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങി ടാറ്റ ക്യാപ്പിറ്റൽ. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന യോഗക്ഷേമം ലോൺസിനെ (യോഗലോൺ) ഏറ്റെടുത്തുകൊണ്ടാണ് ടാറ്റ ക്യാപ്പിറ്റൽ ഈ മേഖലയിൽ നിർണായക സാന്നിധ്യമാകാൻ ഒരുങ്ങുന്നത്.
ദക്ഷിണേന്ത്യൻ വിപണിയിൽ വലിയ മത്സരത്തിന് വഴിയൊരുക്കുന്നതാണ് ഈ നീക്കം. യോഗലോണിന്റെ 2026-ലെ മൊത്തവരുമാനമായ 708 കോടി രൂപയിൽ 85 ശതമാനവും സ്വർണ വായ്പകളിൽ നിന്നാണെന്നത് ഈ മേഖലയിലെ ബിസിനസ് സാധ്യതകളാണ് വ്യക്തമാക്കുന്നത്.
ചെറുകിട വായ്പകളിൽ റിസ്ക് കുറഞ്ഞതും ഉയർന്ന ലാഭക്ഷമതയുള്ളതുമായ സ്വർണ വായ്പ മേഖലയിലേക്ക് വൻകിട
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (NBFC) കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി വിപണി നിരീക്ഷകർ വിലയിരുത്തുന്നു. തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ വിപുലമായ ശൃംഖലയുള്ള സ്ഥാപനങ്ങളെയാണ് വൻകിട
കമ്പനികൾ ലക്ഷ്യമിടുന്നത്. ഈ മേഖലയിലെ വളർച്ച മുന്നിൽക്കണ്ട് പല പ്രമുഖ കമ്പനികളും സ്വർണ വായ്പ ബിസിനസ് വലിയ തോതിൽ വികസിപ്പിക്കുന്നുണ്ട്.
2026 സാമ്പത്തിക വർഷത്തിൽ ബാങ്കുകളും ബാങ്കിതര സ്ഥാപനങ്ങളും ചേർന്ന് 19 ലക്ഷം കോടി രൂപയുടെ സ്വർണ വായ്പകളാണ് നൽകിയത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത് 50 ശതമാനം അധികമാണ്.
ഇക്കാര്യത്തിൽ പ്രതികരിക്കവെ, മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞത് ഇങ്ങനെ: “ഇന്ന് സ്വർണവായ്പ മേഖല കൈവരിച്ചിരിക്കുന്ന വളർച്ചയും കൂടുതൽ കമ്പനികൾ ഈ രംഗത്തേക്ക് കടന്നുവരുന്നതും അഭിമാനം നൽകുന്ന കാര്യമാണ്. ഈ രംഗത്തേക്ക് കൂടുതൽ കമ്പനികൾ കടന്നുവരുന്നത് മേഖലയുടെ വളർച്ചയ്ക്ക് വലിയ ഉത്തേജനമാകും.
കൂടുതൽ പങ്കാളികൾ എത്തുന്നതോടെ ആളുകൾക്കിടയിൽ സ്വർണവായ്പകളെക്കുറിച്ചുള്ള അവബോധം വർധിക്കും. കൂടുതൽ പേർ ഈ സേവനം പ്രയോജനപ്പെടുത്തും.”
വിപുലീകരണ പദ്ധതികൾ
ടാറ്റ ക്യാപ്പിറ്റൽ ഏറ്റെടുക്കലിന് ശേഷം യോഗക്ഷേമം ലോൺസ് എംഡി ഐ.
ഉണ്ണിക്കൃഷ്ണൻ ഭാവി പദ്ധതികൾ വിശദീകരിച്ചു. 88 ശതമാനം ഓഹരി വിൽപനയിലൂടെ ടാറ്റ ക്യാപ്പിറ്റലിൽ നിന്ന് ലഭിച്ച 318 കോടി രൂപയിൽ, ഓഹരി ഉടമകൾക്കുള്ള വിഹിതം നൽകിയ ശേഷം ബാക്കിയുള്ള 93 കോടി രൂപ ബിസിനസ് വിപുലീകരണത്തിനായി ഉപയോഗിക്കും.
വരും രണ്ട് വർഷത്തിനുള്ളിൽ വായ്പാ ആസ്തികൾ 5,000 കോടി രൂപയിലെത്തിക്കുകയാണ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം. നിലവിൽ 162 ശാഖകളുള്ള കമ്പനി, വരും കാലങ്ങളിൽ 120 ബ്രാഞ്ചുകൾ കൂടി തുറന്ന് പ്രവർത്തനം തെലങ്കാനയിലേക്കും വ്യാപിപ്പിക്കും.
ടാറ്റ ക്യാപ്പിറ്റലിന്റെ ഇന്ത്യയിലെ 1,477 ശാഖകളുടെ ഭാഗമായി യോഗക്ഷേമം ലോൺസ് മാറും. നിലവിലെ ജീവനക്കാർ എല്ലാവരും തുടരുമെന്നും, വരും വർഷങ്ങളിൽ ടാറ്റ ക്യാപ്പിറ്റലുമായി ലയനവും സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ പാലിച്ച് സുതാര്യമായി പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയിലുള്ള വിശ്വാസമാണ് ടാറ്റയുടെ ഏറ്റെടുക്കലിന് ആധാരമായതെന്നും ഐ. ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

