ധനവകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ കന്നിബജറ്റ് അവതരണത്തിനായുള്ള അന്തിമഘട്ട
ഒരുക്കങ്ങളിലാണ്. ജൂൺ 19-ന് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ, ഈ ദൗത്യം നിർവ്വഹിക്കുന്ന മൂന്നാമത്തെ കോൺഗ്രസ് മുഖ്യമന്ത്രിയായി അദ്ദേഹം മാറും.
നേരത്തെ 1963-64, 1964-65 കാലയളവിൽ ആർ. ശങ്കറും, 2016-17 കാലയളവിൽ ഉമ്മൻചാണ്ടിയും കോൺഗ്രസ് മുഖ്യമന്ത്രിമാരായിരിക്കെ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.
കെ.എം. മാണി രാജിവച്ച സാഹചര്യത്തിലായിരുന്നു അന്ന് ഉമ്മൻചാണ്ടി ധനവകുപ്പിന്റെ അധികച്ചുമതല ഏറ്റെടുത്ത് ബജറ്റ് തയ്യാറാക്കിയത്.
ബജറ്റ് തയ്യാറെടുപ്പുകൾക്കായി വിഴിഞ്ഞം ഗസ്റ്റ് ഹൗസ് പോലുള്ള സ്ഥലങ്ങൾ ഉപയോഗിക്കുന്ന മുൻകാല രീതിയിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാൾ, മാസ്കറ്റ് ഹോട്ടൽ, കോവളം ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലായാണ് പ്രധാന ചർച്ചകൾ നടക്കുന്നത്. തിരക്കേറിയ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിലും അതീവ ശ്രദ്ധയോടെയാണ് മുഖ്യമന്ത്രി ബജറ്റ് ജോലികളിൽ മുഴുകിയിരിക്കുന്നത്.
ജൂൺ 19 വരെ മുഖ്യമന്ത്രിക്ക് നേരിട്ടുള്ള സന്ദർശകരെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ കന്റോൺമെന്റ് ഹൗസിലെയും ഓഫീസിലെയും പ്രവർത്തനങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് ശേഷമുള്ള സമയം പൂർണ്ണമായും ബജറ്റ് ചർച്ചകൾക്കായി നീക്കിവെക്കുകയാണ് പതിവ്.
വിവിധ വ്യവസായ മേഖലകളിലെ പ്രതിനിധികൾ, തൊഴിലാളി-കർഷക-വിദ്യാർത്ഥി സംഘടനാ നേതാക്കൾ, ആശാ വർക്കർമാർ ഉൾപ്പെടെയുള്ള വനിതാ സംഘടനാ പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി മുഖ്യമന്ത്രി ഇതിനകം ചർച്ചകൾ പൂർത്തിയാക്കി. ഞായറാഴ്ചകളിലെ മണ്ഡല സന്ദർശനം പോലും ഒഴിവാക്കാതെയാണ് ബജറ്റ് തയ്യാറെടുപ്പുകൾ നടക്കുന്നത്.
‘സഹാനുഭൂതിയിൽ ഊന്നിയ സദ്ഭരണം’ എന്ന പ്രമേയത്തിലാകും ഇത്തവണത്തെ ബജറ്റ് എന്ന് സൂചനയുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള വികസന കാഴ്ചപ്പാടുകളും ബജറ്റിൽ പ്രതിഫലിക്കും.
തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ഇന്ദിരാ ഗാരന്റി’ നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തും. സംസ്ഥാനത്തിന്റെ തനത് വരുമാനം വർധിപ്പിക്കുക, കിഫ്ബി പൊളിച്ചെഴുത്ത് എന്നിവയ്ക്കും ബജറ്റിൽ മുൻഗണന ലഭിക്കും.
കേന്ദ്ര ഗ്രാന്റുകൾ കൃത്യസമയത്ത് ലഭിക്കാത്ത സാഹചര്യത്തിൽ, ബജറ്റ് പ്ലാനുകൾ നടപ്പിലാക്കാൻ അധികഫണ്ട് കണ്ടെത്തുകയെന്ന വലിയ വെല്ലുവിളിയാണ് മുഖ്യമന്ത്രിയും ധനവകുപ്പും നേരിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

