കുട്ടികളെ ക്ലാസിൽ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ചിറ്റാർ ജിഎച്ച്എസ്എസിലെ അധ്യാപിക എം.എസ്. അർച്ചന തനിക്ക് ജോലി നഷ്ടപ്പെട്ട
വിവരം അറിഞ്ഞത്. മറ്റൊരാൾ ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോഴാണ് ജൂലൈ 14 മുതൽ തന്നെ സർവീസിൽനിന്ന് നീക്കിയ വിവരം അർച്ചന അറിയുന്നത്.
തന്റെ വീട്ടിലെ കഷ്ടപ്പാടുകൾ തീരുമെന്ന് ആശ്വസിച്ചത് ഇതോടെ വെറുതെയായി. ഐക്കാട് എഎസ്ആർവിജി യുപി സ്കൂളിൽ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞതിനാൽ പാർട്ട് ടൈം സംസ്കൃത അധ്യാപക തസ്തിക ഇല്ലാതായി.
ഇതോടെയാണു സ്കൂളിലെ സീനിയർ അധ്യാപിക എം. ഹേമലതയെ ചിറ്റാർ ജിഎച്ച്എസ്എസിലേക്ക് സ്ഥലംമാറ്റി പത്തനംതിട്ട
വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവിറക്കിയത്. ഹേമലത ഫുൾടൈം ബെനഫിറ്റ് ലഭിച്ച അധ്യാപികയും ജില്ലാതല സീനിയോറിറ്റി പട്ടികയിൽ മുതിർന്നയാളുമാണ്.
സർക്കാർ അധ്യാപക പുനർവിന്യാസ ചട്ടപ്രകാരം തസ്തിക നഷ്ടപ്പെടുമ്പോൾ ജില്ലയിൽ ഏറ്റവും ജൂനിയറായ അധ്യാപകരെയാണു സർവീസിൽനിന്ന് നീക്കേണ്ടതെന്നു ചൂണ്ടിക്കാട്ടിയാണു അർച്ചനയെ നീക്കിയത്. പുതിയ അധ്യാപിക ജോലിക്കെത്തിയതറിഞ്ഞു ഡിഡിഇ ഓഫിസുമായി ബന്ധപ്പെട്ടപ്പോഴാണു ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ലഭിച്ചത്.
സർവീസിൽനിന്ന് നീക്കിയിട്ടും ഇതറിയാതെ അർച്ചന രണ്ടാഴ്ച ജോലി ചെയ്യുകയും ചെയ്തു. വീട്ടിലെ പ്രാരബ്ധങ്ങൾക്കിടയിലും പഠനത്തിൽ മുന്നിൽ വൈക്കം സ്വദേശിയായ അർച്ചന ബിരുദവും ബിരുദാനന്തര ബിരുദവും തൃപ്പൂണിത്തുറ സംസ്കൃത കോളജിൽനിന്ന് ഒന്നാം റാങ്കോടെയാണു പാസായത്.
ട്യൂമർ ബാധിതനായ അച്ഛൻ മഠത്തിൽ സജിമോൻ ലോട്ടറി വിൽപന നടത്തിയും അമ്മ അംബിക ഗ്ലോക്കോമ ബാധിച്ച് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടും ചെമ്മീൻ ഫാക്ടറിയിൽ പണിയെടുത്തുമാണു മകളെ പഠിപ്പിച്ചത്. 2024ൽ പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിൽ വന്നെങ്കിലും ഈ വർഷമാണ് നിയമനം ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

