കാഞ്ഞങ്ങാട്: ജില്ലയിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി നിർണായക നടപടിയുമായി ആരോഗ്യവകുപ്പ് രംഗത്ത്. താൽക്കാലിക ഡോക്ടർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി എല്ലാ തിങ്കളാഴ്ചയും രാവിലെ 11 മണിക്ക് വാക്-ഇൻ അഭിമുഖം നടത്താൻ തീരുമാനിച്ചു.
ജില്ലാ മെഡിക്കൽ ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ എംബിബിഎസ്, ടിസിഎംസി റജിസ്ട്രേഷൻ ഉള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാവുന്നതാണ്. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് വൈദ്യസഹായം ലഭിക്കാത്തത് ജനങ്ങളെ വലിയ ദുരിതത്തിലാക്കിയിട്ടുണ്ട്.
ഈ വിഷയം അടുത്തിടെ ചേർന്ന ജില്ലാ വികസനസമിതി യോഗത്തിൽ ജനപ്രതിനിധികൾ ശക്തമായി ഉന്നയിച്ചിരുന്നു. എംപി, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാധ്യക്ഷന്മാർ എന്നിവരുൾപ്പെടെയുള്ളവർ ആരോഗ്യമേഖലയിലെ അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടി.
തുടർന്നാണ്, പ്രശ്നപരിഹാരത്തിനായുള്ള തിങ്കളാഴ്ചകളിലെ പ്രത്യേക കൂടിക്കാഴ്ച പദ്ധതിയെക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫിസർ കെ.ടി.രേഖ വ്യക്തമാക്കിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവയിലെല്ലാം നിരവധി തസ്തികകളാണ് ഒഴിവുകിടക്കുന്നത്.
ജില്ലയിലെ പ്രധാന കേന്ദ്രമായ ജില്ലാ ആശുപത്രിയിൽ മാത്രം അനുവദിച്ച 51 ഡോക്ടർമാരിൽ 22 തസ്തികയിലും ആളില്ലാത്ത സ്ഥിതിയാണ്. കാർഡിയോളജിസ്റ്റ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് ഇവിടുത്തെ കാത്ലാബ് അടച്ചിടേണ്ടി വന്നത് വലിയ തിരിച്ചടിയായി.
മലയോര മേഖലയിലെ ആശുപത്രികളുടെ സ്ഥിതിയും സമാനമായി രൂക്ഷമായി തുടരുകയാണ്. മുൻകാലങ്ങളിൽ അഭിമുഖങ്ങൾ സംഘടിപ്പിച്ചെങ്കിലും ആവശ്യത്തിന് ഉദ്യോഗാർഥികളെ ലഭിച്ചിരുന്നില്ല.
മറ്റു ജില്ലകളിൽ നിന്നുള്ള ഡോക്ടർമാർ കാസർകോട്ടേക്ക് വരാൻ മടിക്കുന്നതും പ്രതിസന്ധി വർധിപ്പിക്കുന്നു. ഈ സങ്കീർണ്ണ സാഹചര്യം പരിഗണിച്ച്, കർണാടക മെഡിക്കൽ കൗൺസിലിന്റെ റജിസ്ട്രേഷൻ ഉള്ള എംബിബിഎസ് ബിരുദധാരികളെക്കൂടി താൽക്കാലിക നിയമനത്തിൽ ഉൾപ്പെടുത്താനുള്ള പ്രപ്പോസൽ സംസ്ഥാന സർക്കാരിന് സമർപ്പിക്കണമെന്ന് വികസനസമിതി യോഗത്തിൽ ആവശ്യമുയർന്നിട്ടുണ്ട്.
ഇതിന് സർക്കാർ അനുമതി നൽകിയാൽ ഒരുപരിധി വരെ താൽക്കാലിക ഡോക്ടർമാരുടെ ക്ഷാമത്തിന് പരിഹാരമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

