വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സഹായ വാഗ്ദാനങ്ങളുമായി എത്തിയവർ പിന്നീട് തിരിഞ്ഞുനോക്കിയില്ലെന്ന് കെസിബിസി പ്രസിഡന്റും കോഴിക്കോട് ആർച്ച് ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലക്കൽ.
ദുരന്തബാധിതർക്ക് വീടുകൾ നിർമിച്ചുനൽകുമെന്നേറ്റ പലരും വാക്കുപാലിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെസിബിസി വിലങ്ങാടിനായി നിർമിച്ച 70 വീടുകളുടെ പൂർത്തീകരണവും രണ്ടാം ഘട്ട
പ്രവൃത്തി ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പൂർത്തിയായ മൂന്ന് വീടുകളുടെ വെഞ്ചരിപ്പും താക്കോൽദാനവും അദ്ദേഹം നിർവഹിച്ചു.
കെസിബിസിയുടെ നേതൃത്വത്തിൽ വയനാട്ടിലും വിലങ്ങാടുമായി 100 വീടുകൾ നിർമിക്കാനായിരുന്നു തീരുമാനം. ഇതിൽ വിലങ്ങാടിൽ 41 വീടുകളും, പുറത്തായി 29 വീടുകളുമടക്കം ആകെ 70 വീടുകൾ പൂർത്തീകരിച്ചു.
വയനാട്ടിൽ 59 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. ഇതോടെ മൊത്തം വീടുകളുടെ എണ്ണം 129 ആയി ഉയരും.
ഏകദേശം 10 കോടി 58 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി എട്ടു വീടുകൾ കൂടി പുതുതായി നിർമിക്കും.
വിവിധ മതവിഭാഗങ്ങളും സന്നദ്ധ സംഘടനകളും നൽകിയ പിന്തുണയാണ് ഈ ദൗത്യം വിജയകരമാക്കിയതെന്ന് ആർച്ച് ബിഷപ് വ്യക്തമാക്കി. തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ദുരന്തം നടന്ന് രണ്ട് വർഷം പിന്നിട്ടിട്ടും വിലങ്ങാട്ടേക്കുള്ള ഗതാഗത സൗകര്യങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതിൽ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, വാസയോഗ്യമല്ലെന്ന് പ്രഖ്യാപിച്ച ഭൂമിയിലുള്ള കുടുംബങ്ങളുടെ പുനരധിവാസ കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മേപ്പയൂർ സലഫിയ കോളജും ഷാഫി പറമ്പിൽ എംപിയും ഓരോ വീടുകൾ വീതം നിർമിച്ചു നൽകിയിട്ടുണ്ട്. വിലങ്ങാട്ടെ യഥാർത്ഥ ‘കേരള സ്റ്റോറി’ ജാതിമത ഭേദമന്യേയുള്ള ഈ ഒത്തൊരുമയാണെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
കോഴിക്കോട് പാളയം പള്ളി മുഖ്യ ഇമാം ഡോ. ഹുസൈൻ മടവൂരും താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയലും ചേർന്ന് വിലങ്ങാട് ടാസ്ക് ഫോഴ്സിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ വിവിധ സഭാ പ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

