ഇരിട്ടിയിൽ മലയോര ഹൈവേയുടെ നിലവാരം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിർമാണ പ്രവൃത്തികൾ വീണ്ടും വിവാദത്തിൽ.
എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള മുഴുവൻ ജോലികളും പൂർത്തിയാക്കാതെ, കരാർ പ്രകാരമുള്ള എല്ലാ കാര്യങ്ങളും നിർവഹിച്ചു എന്ന നിലയിൽ പദ്ധതി അവസാനിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം. റോഡരികിലെ കോൺക്രീറ്റ് പ്രവൃത്തികൾ ഉൾപ്പെടെ ഏകദേശം 16 കിലോമീറ്ററോളം ദൂരത്തിൽ ഇനിയും പൂർത്തിയാകാനുണ്ട്.
ഓവുചാൽ നിർമാണവും അപൂർണ്ണമാണ്. അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളുടെ പരിധിയിൽ അവശേഷിക്കുന്ന ജോലികൾ സമയബന്ധിതമായി തീർക്കണമെന്ന് കെആർഎഫ്ബി – കരാർ പ്രതിനിധികളോട് ഭരണസമിതികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും തീരുമാനങ്ങൾ നടപ്പായില്ല.
എടൂരിൽ വെമ്പുഴയ്ക്ക് നിർമിച്ച സംരക്ഷണ ഭിത്തിയിലെ ക്രമക്കേടുകൾ പരിഹരിക്കുമെന്ന ഉറപ്പും പാഴായി. 25.3 കിലോമീറ്റർ നീളമുള്ള വള്ളിത്തോട് – മണത്തണ റീച്ചിന്റെ നവീകരണ പ്രവൃത്തി മൂന്ന് വർഷം മുൻപാണ് ആരംഭിച്ചത്.
കഴിഞ്ഞ വർഷം മെയ് 30-നകം കമ്മീഷൻ ചെയ്യാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതി സാങ്കേതിക കാരണങ്ങൾ നിരത്തി അനിശ്ചിതമായി നീട്ടുകയായിരുന്നു. നിലവിൽ, അവശേഷിക്കുന്ന നിർമാണങ്ങൾ പൂർത്തിയാക്കാതെ തന്നെ കമ്മീഷനിങ് നടപടികളിലേക്ക് കടക്കാനാണ് നീക്കമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
സാമ്പത്തിക രേഖകളിലെ അവ്യക്തതയും ആശങ്കയുണ്ടാക്കുന്നുണ്ട്. ആദ്യം 50.47 കോടി രൂപയ്ക്ക് അനുമതി നൽകിയ പദ്ധതിക്ക്, 2021 നവംബർ 12-ന് 52.91 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചു.
ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനിയുമായി 49.39 കോടി രൂപയ്ക്ക് കരാർ ഉറപ്പിച്ച പ്രവൃത്തിക്ക്, കഴിഞ്ഞ വർഷം മാർച്ച് 13-ന് 83.17 കോടി രൂപയുടെ റിവൈസ്ഡ് എസ്റ്റിമേറ്റിന് സർക്കാർ അംഗീകാരം നൽകി. അലൈൻമെന്റ് മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി തുക ഇരട്ടിയാക്കിയത് അസാധാരണമാണെന്ന വിലയിരുത്തലുമുണ്ട്.
റിവൈസ്ഡ് എസ്റ്റിമേറ്റ് പ്രകാരം റോഡ് അലൈൻമെന്റ് മാറ്റി ടാറിങ് പൂർണ്ണമായും പൊളിച്ചുനീക്കി ഡബ്ല്യുഎംഎം (വെറ്റ് മിക്സ് മെക്കാഡം) ഇട്ട് ബിറ്റുമിൻ മെക്കാഡവും ബിറ്റുമിൻ കോൺക്രീറ്റും നടത്തുന്നതിനും ഓവുചാൽ, റോഡരിക് കോൺക്രീറ്റ് എന്നിവ പൂർത്തിയാക്കുന്നതിനുമായി ഫണ്ട് വകയിരുത്തിയിരുന്നു. എന്നാൽ, ഈ വിവരങ്ങൾ മറച്ചുവെച്ച് പ്രവൃത്തികൾ പൂർത്തിയായെന്ന് പ്രചാരണം നടത്തുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.
റോഡരിക് കോൺക്രീറ്റ് നടത്താത്തത് റോഡിന്റെ ആയുസ്സ് കുറയ്ക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എം 10 ഗ്രേഡിൽ 15 സെന്റിമീറ്റർ കനത്തിലും മുകളിൽ എം 20 ഗ്രേഡിൽ 5 സെന്റിമീറ്റർ കനത്തിലുമായി ആകെ 20 സെന്റിമീറ്റർ കനത്തിൽ കോൺക്രീറ്റ് നടത്തണമെന്ന നിർദ്ദേശം കാറ്റിൽപ്പറത്തി, പലയിടങ്ങളിലും അശാസ്ത്രീയമായ രീതിയിലാണ് പ്രവൃത്തി നടന്നിട്ടുള്ളത്.
മണത്തണ മുതൽ വള്ളിത്തോട് വരെ 50-ഓളം സ്ഥലങ്ങളിലായി 16 കിലോമീറ്ററോളം ദൂരത്ത് ഈ പ്രവൃത്തി തീർത്തും അവശേഷിക്കുകയാണ്. ജല അതോറിറ്റിയുടെ പൈപ്പ്ലൈൻ പോകുന്ന പ്രദേശങ്ങളിൽ ജിഎസ്ബി ഇട്ട് ഉറപ്പിച്ച ശേഷം മാത്രമേ കോൺക്രീറ്റ് നടത്താവൂ എന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല.
സംസ്ഥാന പാതയ്ക്ക് തുല്യമായ നിലവാരത്തിൽ റോഡ് വികസിപ്പിക്കാനാണ് പദ്ധതി ആവിഷ്കരിച്ചത്. 9 മീറ്റർ വീതിയിൽ ടാറിങ്, ഇരുവശത്തും നടപ്പാത, അപകടസാധ്യതയുള്ള ഇടങ്ങളിൽ പാർശ്വഭിത്തി, ഓവുചാൽ നിർമാണം എന്നിവയ്ക്ക് പുറമെ വെമ്പുഴ, ആനപ്പന്തി, ചേംതോട് പാലങ്ങളുടെ പുനർനിർമാണവും പദ്ധതിയിൽ ഉൾപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

