മലയാള ചലച്ചിത്ര ചരിത്രത്തിൽ പുതിയ സാങ്കേതിക അധ്യായത്തിന് തുടക്കം കുറിക്കുന്ന ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചിത്രമായ വാഗ്ദത്തഭൂമിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ബഹു. കേരള സംസ്ഥാന മുഖ്യമന്ത്രി വിഡി സതീശൻ തിരുവനന്തപുരത്ത് നിർവഹിച്ചു.
ചടങ്ങിൽ ചിത്രത്തിന്റെ പ്രൊഡ്യൂസർ ഷാജു വാലപ്പൻ സന്നിഹിതനായിരുന്നു. പ്രശസ്ത സംവിധായകനും കാർട്ടൂണിസ്റ്റുമായ സിദ്ദിക്ക് പറവൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയിൽ AI സാങ്കേതികവിദ്യയുടെ സാധ്യതകൾ പൂർണ്ണമായി ഉപയോഗപ്പെടുത്തുന്ന വ്യത്യസ്തമായൊരു പരീക്ഷണമാണ്.
പരമ്പരാഗത ചലച്ചിത്രഭാഷയും ആധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് മനുഷ്യബന്ധങ്ങളും സാമൂഹിക യാഥാർത്ഥ്യങ്ങളുമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കേരളത്തിലെ മലയോര ജീവിത പശ്ചാത്തലത്തിൽ ഭൂമിയോടും ഓർമ്മകളോടും വേരുകളോടുമുള്ള മനുഷ്യന്റെ ആത്മബന്ധമാണ് വാഗ്ദത്തഭൂമിയുടെ പ്രധാന പ്രമേയം.
പുതിയ തലമുറയുടെ വിദേശ കുടിയേറ്റം, പൂർവികരുടെ സ്മരണകൾ നിറഞ്ഞ ജന്മനാടുമായുള്ള ബന്ധം, പ്രകൃതിയോടുള്ള മനുഷ്യന്റെ ഉത്തരവാദിത്വം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങൾ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. AI സാങ്കേതികവിദ്യയുടെ സഹായത്തോടെ കഥാപാത്രങ്ങൾ, ദൃശ്യാവിഷ്കാരം, സിനിമാറ്റിക് അന്തരീക്ഷം എന്നിവ രൂപപ്പെടുത്തുന്ന ഈ സംരംഭം മലയാള സിനിമയിൽ പുതിയ സൃഷ്ടിപരമായ ചുവടുവയ്പ്പായി മാറുകയാണ്.
ലോക സിനിമയിൽ അതിവേഗം വളർന്നുവരുന്ന AI ഫിലിം മേക്കിംഗ് മേഖലയിലേക്ക് മലയാള സിനിമാലോകത്തിന്റെ സാന്നിധ്യം ശക്തമായി രേഖപ്പെടുത്തുന്ന ശ്രമം കൂടിയാണിത്. വാലപ്പൻ ക്രിയേഷൻസ് ബാനറിൽ ഷാജു വാലപ്പൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം സിദ്ദിക്ക് പറവൂർ നിർവഹിക്കുന്നു.
ചിത്രത്തിന്റെ പി.ആർ.ഒ എം കെ ഷെജിൻ ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

