വരാനിരിക്കുന്ന ഐപിഎൽ സീസണിന് മുന്നോടിയായി തങ്ങളുടെ സപ്പോർട്ട് സ്റ്റാഫിൽ സമഗ്ര മാറ്റങ്ങളുമായി ഡൽഹി ക്യാപിറ്റൽസ് രംഗത്ത്. ടീമിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയും ബാറ്റിംഗ് പരിശീലകനായി ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിംഗ് ചുമതലയേൽക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കൂടാതെ പേസ് ബൗളിംഗ് പരിശീലകനായി ശ്രീലങ്കൻ പേസ് ഇതിഹാസം ചാമിന്ദ വാസ് എത്തുമ്പോൾ, സ്പിൻ പരിശീലകന്റെ ചുമതല മുൻ ഇന്ത്യൻ ലെഗ് സ്പിന്നർ അമിത് മിശ്രയ്ക്കാണ്. ഐപിഎല്ലിൽ ചാമിന്ദ വാസ് പരിശീലകനായി എവരുന്നത് ഇത് ആദ്യമായാണ്.
ടെസ്റ്റിൽ 355 വിക്കറ്റുകളും ഏകദിനത്തിൽ 400 വിക്കറ്റുകളും വീഴ്ത്തിയിട്ടുള്ള താരം, 2008 മുതൽ 2010 വരെയുള്ള ആദ്യ മൂന്ന് ഐ.പി.എൽ സീസണുകളിൽ ഡെക്കാൻ ചാർജേഴ്സിനായി ജഴ്സി അണിഞ്ഞിട്ടുണ്ട്. ശ്രീലങ്കൻ ദേശീയ ടീം, ന്യൂസിലാൻഡ്, അയർലൻഡ് ടീമുകൾക്കൊപ്പം പ്രവർത്തിച്ച പരിശീലന പരിചയവും വാസിനുണ്ട്.
ഇതിനുപുറമെ സിം ആഫ്രോ ടി10 ലീഗ്, ലങ്ക പ്രീമിയർ ലീഗ് എന്നിവയിലും അദ്ദേഹം ഹെഡ് കോച്ചായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐ.പി.എൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്പിന്നർമാരിലൊരാളായ 42-കാരൻ അമിത് മിശ്രയും തന്റെ കോച്ചിംഗ് കരിയറിലെ ആദ്യ ഐ.പി.എൽ അധ്യായത്തിനാണ് തുടക്കം കുറിക്കുന്നത്.
ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ (3 തവണ) നേടിയ റെക്കോർഡിന്റെ ഉടമയായ മിശ്ര, 162 മത്സരങ്ങളിൽ നിന്നായി 174 വിക്കറ്റുകൾ തന്റെ പേരിലാക്കിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസിന്റെ സഹഉടമകളായ ജി.എം.ആറും ജെ.എസ്.ഡബ്ല്യുവും തമ്മിലുള്ള രണ്ടുവർഷത്തെ റൊട്ടേഷൻ കരാർ പ്രകാരമാണ് പുതിയ ബോർഡ് ഭരണം ഏറ്റെടുക്കുന്നതും പരിശീലക സംഘത്തെ പുനഃസംഘടിപ്പിക്കുന്നതും.
നിലവിൽ ചാമിന്ദ വാസും അമിത് മിശ്രയും ഡൽഹിയിലെത്തി ക്യാപിറ്റൽസ് അക്കാദമി കളിക്കാർക്കൊപ്പം പരിശീലനം ആരംഭിച്ചുകഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

