വൈക്കം ∙ നിർമാണം പൂർത്തിയായ നേരേകടവ്–മാക്കേക്കടവ് പാലം കാണാനും പുതിയ പാലത്തിലൂടെയുള്ള യാത്ര ആസ്വദിക്കാനുമായി സന്ദർശകരുടെ വലിയ പ്രവാഹമാണ് അനുഭവപ്പെടുന്നത്. പാലം യാഥാർഥ്യമായതിന്റെ ആഹ്ലാദത്തിലാണ് പ്രദേശവാസികളും യാത്രക്കാരും.
പാലത്തിന്റെ മനോഹരമായ കാഴ്ചയും ചുറ്റുമുള്ള ഗ്രാമീണ അന്തരീക്ഷവും, കായൽ കാറ്റും ആസ്വദിക്കാൻ നിരവധി പേരാണ് ദിവസവും എത്തുന്നത്. വൈകുന്നേര സമയങ്ങളിലാണ് സന്ദർശകരുടെ തിരക്ക് കൂടുതലും ഉള്ളത്.
കുടുംബത്തോടെയും, സുഹൃത്തുക്കൾ കൂട്ടമായും എത്തുന്നവർ പാലത്തിലൂടെ കാൽനടയായി അക്കര ഇക്കര സഞ്ചരിച്ച ശേഷമാണ് മടങ്ങാറുള്ളത്. സമീപ ജില്ലയായ എറണാകുളം ഭാഗത്തു നിന്നുള്ളവർ ഉൾപ്പെടെ പാലം കാണാൻ എത്തിയവരിൽ ഉണ്ടായിരുന്നു.
കാഴ്ചക്കാർ വന്ന വാഹനങ്ങളുടെ നീണ്ട നിര ഇരു കരകളിലും ഒരു കിലോമീറ്ററോളം ഉണ്ടായിരുന്നു.
പാലത്തിന്റെ ഇരുവശത്തെയും സമീപന പാതയ്ക്കുസമീപം പാലത്തിലേക്കു വാഹനങ്ങൾ കയറുന്നത് തടഞ്ഞ് വീപ്പകളും റിബണുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രഭാത – സായാഹ്ന വ്യായാമ നടത്തത്തിനും പ്രദേശവാസികൾ പാലം ഉപയോഗിക്കാൻ തുടങ്ങി.
പാലത്തിൽ നിന്നുള്ള സൂര്യാസ്തമയം കാണാനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പാലവും അപ്രോച്ച് റോഡ് നിർമാണവും പൂർത്തിയായെങ്കിലും ഉദ്ഘാടന തീയതിയിൽ ഇനിയും തീരുമാനം ആയിട്ടില്ല.
പാലത്തിലും അപ്രോച്ച് റോഡുകളിലും സുരക്ഷാ രേഖകൾ വരയ്ക്കൽ, സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവ മാത്രമാണ് ഇനി അവശേഷിക്കുന്നത്. സമൂഹമാധ്യമ സ്റ്റാറ്റസുകളിലും പോസ്റ്റുകളിലും എല്ലാം പാലം ഇതിനോടകം തന്നെ നിറഞ്ഞു കഴിഞ്ഞു.
പാലത്തിലും സമീപന പാതകളിലും തെരുവു വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പരീക്ഷണാടിസ്ഥാനത്തിൽ തെളിയിച്ചത് അല്ലാതെ സ്ഥിരമായി തെളിച്ചിട്ടില്ല. ഇത് പാലം കാണാൻ എത്തുന്നവരെ ഏറെ വലയ്ക്കുന്നുണ്ട്.
ഇരുട്ടിൽ മൊബൈൽ ഫോൺ വെളിച്ചമാണ് ഇപ്പോൾ സഞ്ചാരികൾ ആശ്രയിക്കുന്നത്. തൈക്കാട്ടുശേരി, ഉദയനാപുരം പഞ്ചായത്തുകളുടെ പരിധിയിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.
ആദ്യ ഘട്ടത്തിൽ തൈക്കാട്ടുശേരി പഞ്ചായത്ത് വൈദ്യുതി ചെലവ് വഹിക്കാൻ ധാരണയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

