ആറ്റിങ്ങൽ ഗവ. ഹോമിയോപ്പതി ആശുപത്രിയിൽ ചികിത്സ തേടിയ നാലു വയസ്സുകാരിക്കു കാലാവധി കഴിഞ്ഞ മരുന്നു നൽകിയതായി പരാതി.
മുഖത്തു കുരുക്കൾ വന്ന പാട് മാറ്റുന്നതിനായി എത്തിയ കുഞ്ഞിനാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. പഴകിയ മരുന്ന് കുഞ്ഞിന്റെ മുഖത്ത് പുരട്ടിയതോടെ ചൊറിച്ചിൽ ആരംഭിച്ചെന്നും പൊള്ളലേറ്റതു പോലെ പൊട്ടിയൊലിക്കുന്ന സ്ഥിതിയായെന്നുമാണ് മാതാപിതാക്കളുടെ പരാതിയിൽ വ്യക്തമാക്കുന്നത്.
സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ആശുപത്രി അധികൃതർ സമ്മതിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ (ഡിഎംഒ) നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി അന്വേഷണം ഔദ്യോഗികമായി ആരംഭിച്ചു.
കല്ലമ്പലം കടുവയിൽ പള്ളിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന തൃശൂർ പുതുക്കാട് സൂര്യഗ്രാമം പുറത്തൂർ ഹൗസിൽ ജിജോ – വർഷ ദമ്പതികളുടെ മകൾ ഇവാനയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഒന്നിനാണ് കുട്ടി ഇവിടെ ചികിത്സ തേടിയത്.
കഴിഞ്ഞ മാർച്ചിൽ കാലാവധി അവസാനിച്ച മരുന്നാണു നൽകിയതെന്നു മാതാപിതാക്കൾ ആരോപിക്കുന്നു. മുഖത്ത് മരുന്നു പുരട്ടിയതിനു പിന്നാലെ കുഞ്ഞിന് ചൊറിച്ചിൽ ആരംഭിച്ചതായും ഇന്നലെയോടെ ശരീരം പൊള്ളലേറ്റതു പോലെ പൊട്ടിയൊലിക്കുന്ന അവസ്ഥയായെന്നും അവർ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിക്ക് ഉൾപ്പെടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. പിഴവു സംഭവിച്ചതായി സമ്മതിച്ച ആശുപത്രി അധികൃതർ, ഫാർമസിയിലെ ജീവനക്കാർക്ക് അബദ്ധം പറ്റിയതാകാമെന്നാണു പ്രാഥമിക വിശദീകരണം നൽകുന്നത്.
കാലപ്പഴക്കം വന്ന മരുന്നുകൾ നിർമാർജനം ചെയ്യാൻ മാറ്റിവച്ചിരുന്നതായും, ഇതിൽ നിന്ന് ആരോ മരുന്ന് സ്റ്റാൻഡിൽ എടുത്തുവച്ചതാകാമെന്നുമാണ് അധികൃതർ പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഓൺലൈനിലൂടെ പരാതി നൽകി രണ്ടു ദിവസമായിട്ടും നടപടിയില്ലാത്തതിനാൽ ഇന്നലെ ബന്ധുക്കൾ നേരിട്ടെത്തി ഡിഎംഒയ്ക്ക് ഔദ്യോഗികമായി പരാതി സമർപ്പിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

