തിരുവല്ല നഗരസഭയിലെ ആമല്ലൂർ ഭാഗത്ത് ഉടമയുടെ അനുമതിയില്ലാതെയും നിയമങ്ങൾ ലംഘിച്ചും വ്യാപകമായി മരങ്ങൾ മുറിച്ചുമാറ്റിയതായി പരാതി. വർഗീസ് സി.
ഫിലിപ്പ്കുട്ടിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലെ വിലപിടിപ്പുള്ള മരങ്ങളാണ് കെഎസ്ഇബി ചുമതലപ്പെടുത്തിയ കരാറുകാർ വെട്ടിമാറ്റിയത്. തടികൊടുക്കുന്നുണ്ടോ എന്ന് ചോദിച്ചു കച്ചവടക്കാർ എത്തിയപ്പോഴാണ് ഭൂമിയിലെ മരങ്ങൾ വ്യാപകമായി മുറിച്ച വിവരം ഉടമ അറിയുന്നത്.
കെഎസ്ഇബിയുടെ ടച്ചിങ് വെട്ടിന്റെ പേരിലാണ് ഈ നടപടിയുണ്ടായത്. എന്നാൽ മരങ്ങൾ മുറിച്ചുമാറ്റിയ വസ്തുവിന്റെ വശത്തുകൂടി കെഎസ്ഇബി ലൈനുകൾ കടന്നുപോകുന്നില്ലെന്നും, എതിർവശത്താണ് ലൈൻ ഉള്ളതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
എന്നിട്ടും അതിർത്തിയിൽനിന്നു നിർദിഷ്ട 2.6 മീറ്ററിനു പകരം, 20 മീറ്ററോളം ഭാഗത്തെ മരങ്ങൾ ചുവടോടെ വെട്ടിമാറ്റുകയായിരുന്നു.
ഏഴ് സഹോദരന്മാരുടെ പേരിലുള്ള ഈ വസ്തു നിലവിൽ കോടതിയുടെ പരിഗണനയിലുള്ള കേസിൽപെട്ടു കിടക്കുന്നതാണ്. ഇവിടെയുള്ള മരങ്ങളുടെ എണ്ണം കോടതി ഉത്തരവിൽ കൃത്യമായി അടയാളപ്പെടുത്തിയിട്ടുള്ളതാണ്.
ഇതടക്കം നഷ്ടമായെന്നും, വസ്തുവിലേക്കു കയറുന്ന ഭാഗത്തു മരം വെട്ടിയിട്ടിരിക്കുകയാണെന്നും വർഗീസ് സി. ഫിലിപ്പ്കുട്ടി പറയുന്നു.
തിരുവല്ല നഗരസഭ ആമല്ലൂർ ഭാഗത്തെ ഈ വസ്തു, കെഎസ്ഇബി തോട്ടഭാഗം സെക്ഷന്റെ പരിധിയിലാണ് ഉൾപ്പെടുന്നത്. കായ്ക്കുന്ന രണ്ട് തെങ്ങ്, മുള്ള് തമ്പകം, മൂന്ന് പ്ലാവ്, തേക്ക്, വാളൻപുളി, രക്തചന്ദനം, വലിയ റബർ മരം എന്നിവയാണു പ്രധാനമായും മുറിച്ചുമാറ്റിയതെന്ന് കെഎസ്ഇബി ചീഫ് എൻജിനീയർക്കു നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
സംഭവത്തിൽ ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് ഉടമയുടെ വിലയിരുത്തൽ. തിരുവല്ലയിൽ വ്യാപകമാകുന്ന അനധികൃത മരംമുറി
ടച്ചിങ് എന്ന പേരിൽ നിയമപരമായ ദൂരം ലംഘിച്ച് മരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവണത തിരുവല്ലയിൽ തുടരുകയാണ്.
ഉടമകൾ എതിർപ്പ് അറിയിച്ചാൽ അവരെ ഭീഷണിപ്പെടുത്തുന്ന നിലപാടാണു കരാർ എടുക്കുന്നവർ സ്വീകരിക്കുന്നത്. മരങ്ങൾ വെട്ടിയതിനു പിറകേ, അവ വിൽപനയ്ക്ക് എടുക്കാനുള്ള സംഘവും കൃത്യമായി സ്ഥലത്ത് എത്താറുണ്ട്.
ഇത്തരത്തിൽ ഒരു ലോബി തന്നെ പ്രവർത്തിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. നാല് മാസം മുൻപ് കവിയൂരിലും സമാനമായ രീതിയിൽ അനധികൃത വെട്ട് നടന്നിരുന്നു.
മല്ലപ്പള്ളി സെക്ഷന്റെ പരിധിയിലും വ്യാപകമായി ഇത്തരത്തിൽ മരങ്ങൾ വെട്ടിമാറ്റിയിരുന്നു. രാഷ്ട്രീയ പാർട്ടികൾ സമരം നടത്തിയതിനെ തുടർന്നാണു താൽക്കാലികമായി അനധികൃത വെട്ടിനു ശമനമായത്.
മരം പൂർണമായും വെട്ടിമാറ്റിയില്ലെന്ന് കെഎസ്ഇബി വിശദീകരണം
എന്നാൽ നിയമപരമായ രീതിയിൽ മാത്രമേ മരങ്ങൾ മുറിച്ചു മാറ്റിയിട്ടുള്ളൂ എന്നാണു കെഎസ്ഇബി തിരുവല്ല അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ വിശദീകരണം.
മരച്ചില്ലകൾ ഒടിഞ്ഞുവീണു സ്ഥിരമായി വൈദ്യുതിമുടങ്ങുന്ന ഭാഗമാണിതെന്നും, ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികൾ വന്നിരുന്നുവെന്നും അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ മരം പൂർണമായും വെട്ടിയിട്ടില്ലെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

