ശബരിമല റോപ്വേ പദ്ധതിക്കാവശ്യമായ വനഭൂമി വിട്ടുകിട്ടുന്നതിനായുള്ള നടപടികൾ ഇനിയും പൂർത്തിയായില്ല. കേന്ദ്ര വന്യജീവി ബോർഡ് അടുത്തിടെ ചേർന്ന യോഗത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അപേക്ഷകൾ പരിഗണിക്കാൻ തയ്യാറായില്ല എന്നത് പദ്ധതിക്ക് തിരിച്ചടിയായിരിക്കുകയാണ്.
പമ്പ ഹിൽടോപ്പിൽ നിന്ന് തുടങ്ങി സന്നിധാനം പൊലീസ് ബാരക്കിന് സമീപം വരെ നീളുന്ന 2.7 കിലോമീറ്റർ ദൂരത്തിലാണ് റോപ്വേ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി 4.5336 ഹെക്ടർ വനഭൂമിയാണ് ആവശ്യമായിട്ടുള്ളത്.
നിർദിഷ്ട പ്രദേശത്തിന്റെ ഭൂരിഭാഗവും പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിലും, പമ്പ സ്റ്റേഷൻ ഉൾപ്പെടുന്ന ഭാഗം റാന്നി വനം ഡിവിഷനിലുമാണ് സ്ഥിതി ചെയ്യുന്നത്.
പദ്ധതി യാഥാർത്ഥ്യമാക്കാൻ മൂന്ന് തലത്തിലുള്ള അനുമതികൾ അനിവാര്യമാണ്. ഇതിൽ ഏറ്റവും നിർണായകമായത് കേന്ദ്ര വന്യജീവി ബോർഡിന്റെ അംഗീകാരമാണ്.
ഇതിനായി സംസ്ഥാന സർക്കാർ കുളത്തൂപ്പുഴ കട്ടിളപ്പാറയിലെ റവന്യു ഭൂമി കൈമാറാനുള്ള രേഖകൾ ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ഈ രേഖകൾ പരിശോധിച്ച ശേഷം ബെംഗളൂരു ആസ്ഥാനമായുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ റീജനൽ ഓഫിസാണ് അന്തിമ അനുമതി നൽകേണ്ടത്.
കഴിഞ്ഞ സെപ്റ്റംബറിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫോറസ്റ്റ് മാനേജ്മെന്റ്) എൽ.ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം ശബരിമലയിൽ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, സന്നിധാനം, പമ്പ സ്റ്റേഷനുകളുടെ പുറംമതിലിന്റെ വിസ്തൃതി രണ്ട് മീറ്റർ വീതം കുറയ്ക്കാൻ തീരുമാനിച്ചിരുന്നു.
അടുത്തതായി ഓഗസ്റ്റിലാണ് കേന്ദ്ര വന്യജീവി ബോർഡ് യോഗം ചേരാൻ നിശ്ചയിച്ചിരിക്കുന്നത്. അന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അപേക്ഷകൾ പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ഭരണകൂടം.
അതേസമയം, മന്ത്രി പി.കെ.ബഷീർ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ശബരിമല, മൂന്നാർ, വയനാട് റോപ്വേ പദ്ധതികൾക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

