കർണാടകയിലെ ബെല്ലാരിയിൽ ഐടി ജീവനക്കാരിയായ യുവതി ആൺസുഹൃത്തിനെ വീഡിയോ കോൾ ചെയ്തുകൊണ്ട് ജീവനൊടുക്കി. സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് മുൻ ആൺസുഹൃത്ത് നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ഈ ദാരുണ സംഭവം ഉണ്ടായത്.
ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന ഫിർദോസ് ആണ് മരിച്ചത്. ബെല്ലാരി കൗലബസാർ സ്വദേശിയായ അസീം എന്നയാളുമായി യുവതി മുൻപ് പ്രണയത്തിലായിരുന്നു.
എന്നാൽ ഇയാളുടെ ഭാഗത്തുനിന്നും കടുത്ത ചൂഷണം ഉണ്ടായതോടെ ഫിർദോസ് ഈ ബന്ധത്തിൽ നിന്നും പിന്മാറി. തുടർന്ന് അസീമിന്റെ സുഹൃത്തായ സൊഹൈൽ എന്നയാളുമായി യുവതി അടുപ്പത്തിലാവുകയും ഇവരുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തിരുന്നു.
വിവാഹനിശ്ചയ വിവരമറിഞ്ഞ അസീം, ഫിർദോസുമൊത്തുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് വീണ്ടും ഭീഷണിപ്പെടുത്താൻ തുടങ്ങി. ഭീഷണി അതിരുകടന്നതോടെ യുവതി സൊഹൈലിനെ വീഡിയോ കോൾ ചെയ്ത് കാര്യങ്ങൾ ധരിപ്പിക്കുകയും ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിക്കുകയുമായിരുന്നു.
ഈ വീഡിയോ കോളിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ ഫിർദോസിന്റെ മാതാപിതാക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്. മകളുടെ മരണത്തിന് കാരണക്കാരായ അസീം, സൊഹൈൽ എന്നിവർക്കെതിരെ മാതാപിതാക്കൾ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
ഇരുവർക്കും സംഭവത്തിൽ തുല്യ പങ്കുണ്ടെന്നും കർശന നടപടി സ്വീകരിക്കണമെന്നും ഫിർദോസിന്റെ അമ്മ ആവശ്യപ്പെട്ടു. എന്നാൽ പരാതി നൽകിയതിന് പിന്നാലെ ഇരുവരും ഒളിവിൽ പോയിരിക്കുകയാണ്.
പ്രതികൾക്കായുള്ള ഊർജിതമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. *(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)*
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

