ഭൂമിയുടെ ആഗോള കാലാവസ്ഥാ ക്രമീകരണത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന സമുദ്രജല പ്രവാഹ സംവിധാനമായ **അറ്റ്ലാന്റിക് മെറിഡിയോണൽ ഓവർടേണിംഗ് സർക്കുലേഷൻ (AMOC)** അഥവാ അമോകിന്റെ പ്രവർത്തനത്തിൽ ഗുരുതരമായ തടസ്സങ്ങൾ നേരിടുന്നതായി പുതിയ പഠനം. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ രൂപം കൊണ്ടിരിക്കുന്ന അസാധാരണമായ തണുപ്പിന്റെ സാന്നിധ്യം, ആഗോള കാലാവസ്ഥാ നിയന്ത്രണ സംവിധാനം തകരുന്നതിന്റെ വ്യക്തമായ സൂചനയാണെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.
കോൾഡ് ബ്ലോബ് പ്രതിഭാസം ഗ്രീൻലാൻഡ്, ഐസ്ലാൻഡ് എന്നിവയുടെ തെക്കൻ മേഖലയിലാണ് അസാധാരണമാംവിധം ജലത്തിന്റെ താപനില കുറയുന്ന ‘കോൾഡ് ബ്ലോബ്’ പ്രതിഭാസം കണ്ടെത്തിയിരിക്കുന്നത്. 1900-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഈ പ്രദേശത്തെ താപനിലയിൽ ഏകദേശം ഒരു ഡിഗ്രി സെൽഷ്യസിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഭൂമധ്യരേഖാ പ്രദേശത്തുനിന്നും ഉഷ്ണജലം വടക്കൻ യൂറോപ്പിലേക്കും അറ്റ്ലാന്റിക്കിലേക്കും എത്തിക്കുകയും, തണുത്ത ജലം സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് താഴ്ന്ന് തെക്കോട്ടേക്ക് ഒഴുകുകയും ചെയ്യുന്ന ആഗോള സമുദ്ര നീരൊഴുക്ക് സംവിധാനമാണ് അമോകി. തകർച്ചയുടെ കാരണങ്ങൾ ആഗോള താപനത്തെത്തുടർന്ന് ഗ്രീൻലാൻഡിലെ മഞ്ഞുരുകൽ വർദ്ധിച്ചത് സമുദ്രത്തിലേക്ക് വൻതോതിൽ ശുദ്ധജലം കലരുന്നതിന് കാരണമാകുന്നു.
സമുദ്രജലത്തിലെ ലവണാംശം കുറയുന്നത് അതിന്റെ സാന്ദ്രതയിൽ മാറ്റമുണ്ടാക്കുന്നു. ഇത് തണുത്ത ജലം അടിത്തട്ടിലേക്ക് താഴുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുകയും തൽഫലമായി നീരൊഴുക്ക് സംവിധാനത്തിന്റെ വേഗത ഗണ്യമായി കുറയുകയും ചെയ്യുന്നു.
ചരിത്രത്തിലെ ഏറ്റവും ദുർബലമായ അവസ്ഥയിലാണ് ഈ ജലചംക്രമണ വ്യവസ്ഥ ഇപ്പോൾ ഉള്ളതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രത്യാഘാതങ്ങൾ അമോകി പൂർണ്ണമായും നിലച്ചുപോയാൽ ആഗോളതലത്തിൽ, പ്രത്യേകിച്ച് യൂറോപ്പിൽ സങ്കൽപ്പിക്കാൻ കഴിയാത്തത്ര വലിയ കാലാവസ്ഥാ വ്യതിയാനങ്ങളുണ്ടാകും.
യൂറോപ്യൻ രാജ്യങ്ങളിൽ താപനില ദശകങ്ങൾക്കുള്ളിൽ 10 ഡിഗ്രി സെൽഷ്യസ് മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ കുറയാൻ സാധ്യതയുണ്ട്. ഇത് വടക്കൻ യൂറോപ്പിൽ അതിശൈത്യത്തിന് വഴിവെക്കും.
അതേസമയം, തെക്കൻ അർദ്ധഗോളത്തിൽ താപനില കുത്തനെ ഉയരാനും സമുദ്രനിരപ്പ് ഗണ്യമായി വർദ്ധിക്കാനും ഇത് കാരണമാകും. കഴിഞ്ഞ 1600 വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ അവസ്ഥയിലൂടെയാണ് ഈ സംവിധാനം കടന്നുപോകുന്നത്.
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ അടിയന്തിരമായി നിയന്ത്രിച്ചില്ലെങ്കിൽ, ഭൂമിയുടെ കാലാവസ്ഥാ സന്തുലിതാവസ്ഥ തിരിച്ചുപിടിക്കാനാകാത്ത വിധം തകിടം മറിയുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

