സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം പഴഞ്ചൻ സോഫ്റ്റ്വെയറുകൾക്കായുള്ള പിന്തുണ അവസാനിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ടെക് ഭീമനായ ഗൂഗിൾ. ഇതിന്റെ ഭാഗമായി ലക്ഷക്കണക്കിന് ഉപകരണങ്ങളിൽ ഇനി മുതൽ ആൻഡ്രോയിഡ് ഓട്ടോ ലഭ്യമല്ലാതാകും.
ആൻഡ്രോയിഡ് 10, ആൻഡ്രോയിഡ് 9 പതിപ്പുകൾക്കായുള്ള പിന്തുണയാണ് ഗൂഗിൾ ഉടൻ അവസാനിപ്പിക്കുന്നത്. ഇതുസംബന്ധിച്ച മുന്നറിയിപ്പുകൾ ഇതിനോടകം തന്നെ ഉപയോക്താക്കൾക്ക് ലഭിച്ചുതുടങ്ങിയിട്ടുണ്ട്.
ആൻഡ്രോയിഡ് ഓട്ടോ ഉപയോഗിക്കുന്നതിനിടയിൽ തങ്ങളുടെ കാറിലെ ഡാഷ്ബോർഡുകളിൽ പുതിയ മുന്നറിയിപ്പ് സന്ദേശം പ്രത്യക്ഷപ്പെടുന്നതായി നിരവധി റെഡ്ഡിറ്റ് (Reddit) ഉപയോക്താക്കളാണ് ചൂണ്ടിക്കാണിച്ചത്. “ഫോണിന് ഇനി പിന്തുണ ലഭിക്കില്ല” (phone will no longer be supported) എന്ന സന്ദേശമാണ് സ്ക്രീനിൽ തെളിയുന്നത്.
ആൻഡ്രോയിഡ് ഓട്ടോ പ്രവർത്തിക്കുന്നതിനുള്ള മിനിമം ഓപ്പറേറ്റിങ് സിസ്റ്റം ലെവൽ ഗൂഗിൾ ഉടൻ തന്നെ ആൻഡ്രോയിഡ് 11 ആക്കി ഉയർത്തുമെന്നതിന്റെ വ്യക്തമായ സൂചനയാണിത്. രണ്ടു വർഷം മുമ്പും സമാനമായ രീതിയിൽ ഗൂഗിൾ നടപടി സ്വീകരിച്ചിരുന്നു.
അന്ന് ആൻഡ്രോയിഡ് 9-ന് താഴെയുള്ള പതിപ്പുകൾക്കുള്ള പിന്തുണയാണ് പിൻവലിച്ചത്. നിലവിൽ ആൻഡ്രോയിഡ് 10 ഒഎസിൽ പ്രവർത്തിക്കുന്ന സാംസങ് ഗാലക്സി എസ്9 (Samsung Galaxy S9), നോട്ട് 9 (Note 9), സോണി എക്സ്പീരിയ എക്സ്ഇസെഡ്2 കോംപാക്റ്റ് (Sony Xperia XZ2 Compact) തുടങ്ങിയ ഫോണുകളെയാണ് ഈ തീരുമാനം നേരിട്ട് ബാധിക്കുന്നത്.
മൊബൈൽ ഫോണുകളുടെ ലോകത്ത് ഇവ വളരെ പഴയ മോഡലുകളായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, വർഷങ്ങളായി ഈ ഫോണുകൾ തന്നെ ഉപയോഗിച്ചുപോരുന്ന ഉപയോക്താക്കൾക്ക് ഇത് വലിയൊരു തിരിച്ചടിയാകും. ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മൊത്തം ആൻഡ്രോയിഡ് ഉപയോക്താക്കളിൽ 4.1 ശതമാനം പേർ മാത്രമാണ് ആൻഡ്രോയിഡ് 10 ഉപയോഗിക്കുന്നത്.
ആൻഡ്രോയിഡ് 9 പതിപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണവും ഇതിന് സമാനമാണ്. പത്ത് ശതമാനത്തിൽ താഴെ മാത്രമാണ് ഈ ഉപയോക്താക്കളുടെ എണ്ണമെങ്കിലും, ലോകമെമ്പാടുമുള്ള ഏകദേശം 4 ബില്യൺ ആൻഡ്രോയിഡ് ഉപകരണങ്ങളുടെ കണക്കുനോക്കുമ്പോൾ ഇത് കോടിക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു തീരുമാനമാണെന്ന് വ്യക്തമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

