ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹിസ്ബുല്ല ആസ്ഥാനത്തിന് നേരെ ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ കെട്ടിടം പൂർണ്ണമായും തകർന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ വ്യോമസേന തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. ദാഹിയ മേഖലയിലുള്ള കെട്ടിടമാണ് ആക്രമിക്കപ്പെട്ടത്.
കെട്ടിടം തകർന്നു വീഴുന്നതും തുടർന്ന് വലിയ തോതിൽ പുകയും പൊടിപടലങ്ങളും ഉയരുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ആക്രമണ സമയം കെട്ടിടത്തിന് സമീപത്തെ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നു.
എന്നാൽ, ഈ വാഹനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഈ കെട്ടിടം ഹിസ്ബുല്ല ഭീകരർ തങ്ങളുടെ ആസ്ഥാനമായി ഉപയോഗിക്കുകയായിരുന്നുവെന്ന് ഇസ്രയേൽ വ്യോമസേന വ്യക്തമാക്കി.
ഇസ്രയേലി പൗരന്മാർക്കും, തെക്കൻ ലബനനിൽ നിലയുറപ്പിച്ചിരിക്കുന്ന ഐഡിഎഫ് സേനയ്ക്കും എതിരെ ഗൂഢാലോചനകൾ നടത്തുന്നതിനും ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഈ കേന്ദ്രം ഉപയോഗിച്ചിരുന്നുവെന്നാണ് ആരോപണം. ഞായറാഴ്ച ഹിസ്ബുല്ല ഇസ്രയേലിന് നേരെ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് തിരിച്ചടിയെന്ന നിലയിൽ ഈ നീക്കം ഉണ്ടായത്.
വടക്കൻ ഇസ്രയേലിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം തുടർന്നാൽ തെക്കൻ ബെയ്റൂട്ടിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

