പാലക്കാട് ഭാരതപ്പുഴയുടെ തീരത്ത് രണ്ട് കുട്ടികളും ഒരു മുതിർന്ന വ്യക്തിയും ഉൾപ്പെടെ മൂന്ന് പേരുടെ ജീവൻ കാത്ത് രക്ഷാപ്രവർത്തകനായി മാറിയിരിക്കുകയാണ് പ്രാദേശിക ഐസ്ക്രീം വ്യാപാരിയായ നിഷാദ് ഷൊർണൂർ. തമിഴ്നാട് സ്വദേശികളായ മൂന്ന് പേരാണ് ഇദ്ദേഹത്തിന്റെ ധീരവും സമയോചിതവുമായ ഇടപെടലിലൂടെ മരണമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഇന്ന് രാവിലെ പത്തരയ്ക്ക് ശേഷമാണ് ഷൊർണൂർ റെയിൽവേ പാലത്തിന് താഴെ അപകടകരമായ സാഹചര്യം ഉണ്ടായത്. പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ പെട്ടെന്ന് ശക്തമായ ഒഴുക്കിൽപെടുകയായിരുന്നു.
കുട്ടികൾ മുങ്ങിത്താഴുന്നത് കണ്ട് ഇവരെ രക്ഷപ്പെടുത്താനായി ഒപ്പമുണ്ടായിരുന്ന വയോധികൻ വെള്ളത്തിലേക്ക് ഇറങ്ങി. കുട്ടികളെ സുരക്ഷിതമായി കരയോട് അടുപ്പിക്കാൻ സാധിച്ചെങ്കിലും, വയോധികന് ഒഴുക്കിൽപ്പെട്ട് സ്വയം കരയിലേക്ക് കയറാൻ കഴിഞ്ഞില്ല.
ഈ സമയം പുഴയോരത്ത് ഐസ്ക്രീം കച്ചവടം നടത്തുകയായിരുന്ന നീന്തൽ വിദഗ്ധൻ കൂടിയായ നിഷാദ് ഉടൻ തന്നെ പുഴയിലേക്ക് ചാടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. കുട്ടികളെ ആദ്യം സുരക്ഷിതമാക്കിയ ശേഷം, ഒഴുക്കിൽപ്പെട്ട് വെള്ളത്തിനടിയിലേക്ക് പോയ വയോധികനെയും നിഷാദ് വിജയകരമായി കരയ്ക്കെത്തിച്ചു.
ഫയർ ഫോഴ്സിന്റെ സിവിൽ ഡിഫൻസ് അംഗം കൂടിയാണ് നിഷാദ് ഷൊർണൂർ. സംഭവത്തിന് പിന്നാലെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും വളരെ വേഗത്തിൽ സ്ഥലത്തെത്തിയിരുന്നു.
നിഷാദിന്റെ ഈ അടിയന്തര ഇടപെടൽ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

