കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് മേഖലയിലുള്ള ഫാമിൽ പ്രവർത്തിച്ചിരുന്ന രഹസ്യ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം സുരക്ഷാസേന കണ്ടെത്തി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോൾ നടത്തിയ മിന്നൽ പരിശോധനയിലാണ് നിർമ്മാണ കേന്ദ്രം തകർത്തത്.
സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിയമവിരുദ്ധമായി താമസിച്ചുവരികയായിരുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ നീക്കങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ദീർഘകാല നിരീക്ഷണത്തിന് ശേഷമാണ് സുരക്ഷാസേന ഫാമിൽ റെയ്ഡ് നടത്തിയത്.
അറസ്റ്റ് തടയാൻ പ്രതികൾ ശക്തമായി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലൂടെ ഇവർ പിടിയിലാവുകയായിരുന്നു. പരിശോധനയിൽ മയക്കുമരുന്ന് നിർമ്മാണത്തിന് ആവശ്യമായ അഞ്ച് കിലോഗ്രാം അസംസ്കൃത പൊടി, ഗുളികകൾ നിർമ്മിക്കുന്ന യന്ത്രം, പാക്കിംഗ് ഉപകരണങ്ങൾ, ഡിജിറ്റൽ ത്രാസ്സ് എന്നിവ പിടിച്ചെടുത്തു.
ചോദ്യം ചെയ്യലിൽ, വിതരണത്തിനായി തയ്യാറാക്കിയ വലിയൊരു ശേഖരം ഭൂമിക്കടിയിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഒളിപ്പിച്ച നിലയിൽ ഇവ കണ്ടെത്തി.
ആകെ ഏകദേശം ഒരു ലക്ഷത്തോളം ക്യാപ്റ്റഗൺ ഗുളികകളാണ് അധികൃതർ പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ അഞ്ച് ലക്ഷം ദിനാറിലധികം വില വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പിടിച്ചെടുത്ത മയക്കുമരുന്നുകളും നിർമ്മാണ സാമഗ്രികളും പ്രതികളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

