അമേരിക്കയിൽ സാൻ ഫ്രാൻസിസ്കോയിൽ ജോലി ചെയ്തുവരുന്ന മലയാളി യുവാവിനെ ഭീഷണിപ്പെടുത്തി 1.72 കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെരുമ്പാവൂർ കുന്നത്തുനാട് സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ഇവരുടെ മകനും അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ താമസക്കാരനുമായ 29കാരനാണ് തട്ടിപ്പിനിരയായത്.
തട്ടിപ്പുകാർ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ടാണ് യുവാവിനെ ബന്ധപ്പെട്ടത്. ഡൽഹിയിലെ എസ്ബിഐ ബ്രാഞ്ചിലുള്ള അക്കൗണ്ട് വഴി 9 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും ഡിജിറ്റൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണെന്നും സംഘം യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
അറസ്റ്റ് ഒഴിവാക്കണമെങ്കിൽ കൈവശമുള്ള പണം നിയമവിധേയമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പരിശോധനയ്ക്ക് ശേഷം പണം തിരികെ നൽകുമെന്നും ഇവർ വിശ്വസിപ്പിച്ചു. ഇക്കഴിഞ്ഞ ജൂലൈ 8 മുതൽ ഓഗസ്റ്റ് 3 വരെയുള്ള കാലയളവിലാണ് ഈ തട്ടിപ്പ് അരങ്ങേറിയത്.
യുവാവിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ തുക യുഎസിലെ ബാങ്ക് അക്കൗണ്ട് വഴിയും തുടർന്ന് സ്ട്രൈക്ക് എന്ന ക്രിപ്റ്റോ കറൻസി ആപ്ലിക്കേഷൻ വഴിയും ബിറ്റ്കോയിനാക്കി മാറ്റാൻ സംഘം നിർദ്ദേശിച്ചു. തുടർന്ന്, അന്വേഷണ ഏജൻസിയുടേതെന്ന പേരിൽ തട്ടിപ്പുകാർ നൽകിയ ബിറ്റ്കോയിൻ വാലറ്റ് വിലാസത്തിലേക്ക് നാല് ഘട്ടങ്ങളിലായി ആകെ 2.81 ബിറ്റ്കോയിൻ കൈമാറ്റം ചെയ്യിക്കുകയായിരുന്നു.
ഇതിന് ഇന്ത്യൻ രൂപയിൽ ഏകദേശം 1,72,01,678 രൂപ മൂല്യം വരും. പണം തിരികെ ലഭിക്കാതായതോടെയാണ് തട്ടിപ്പാണെന്ന് വ്യക്തമാവുകയും പരാതി നൽകുകയും ചെയ്തത്.
എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ സുധീഷ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ബിഎൻഎസ് പ്രകാരം ആൾമാറാട്ടം, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകളും ഐടി ആക്ടിലെ 66(ഡി) വകുപ്പും ചേർത്താണ് കേസ് എടുത്തത്.
പണം നഷ്ടപ്പെട്ടയാൾ യുഎസിലും പരാതി നൽകിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഡൽഹിയിലെ അക്കൗണ്ടിന്റെ പേരിലാണ് തട്ടിപ്പ് നടന്നത് എന്നതിനാൽ ഇവര് സ്വദേശത്തും പരാതി നൽകുകയായിരുന്നു.
പരാതിയിലെ വിശദാംശങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

