ദില്ലി വസന്ത് കുഞ്ചിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ എയർ ഇന്ത്യ പൈലറ്റിനെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ സ്വദേശിയായ എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ സണ്ണി അസൽദേകർ ആണ് ദില്ലിയിലെ ദി ഗ്രാൻഡ് ഹോട്ടലിൽ മരണപ്പെട്ടത്.
ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സെപ്റ്റംബർ 10-നാണ് സണ്ണി അസൽദേകർ ഹോട്ടലിൽ മുറിയെടുത്തത്.
എന്നാൽ തൊട്ടടുത്ത ദിവസം ഫോൺ വിളിച്ചിട്ട് ലഭിക്കാതായതോടെ സഹോദരൻ ഹോട്ടൽ മാനേജരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഹോട്ടൽ ജീവനക്കാർ മുറിയിലെത്തി പരിശോധിച്ചപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് സണ്ണിയെ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം സംബന്ധിച്ച് അന്തിമ സ്ഥിരീകരണത്തിൽ എത്താൻ കഴിയൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ബിഎൻഎസ് സെക്ഷൻ 194 പ്രകാരം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുൻപ് എയർ ഇന്ത്യ എക്സ്പ്രസിൽ സേവനമനുഷ്ഠിച്ചിരുന്ന സണ്ണി അസൽദേകർ ഏതാനും മാസങ്ങൾ മുൻപാണ് എയർ ഇന്ത്യയിലേക്ക് മാറിയത്. പൈലറ്റിന്റെ വേർപാടിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയ എയർ ഇന്ത്യ മാനേജ്മെന്റ്, കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഈ വിഷമ ഘട്ടത്തിൽ ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

