തൊഴിൽ നഷ്ടപ്പെടുന്നത് പലപ്പോഴും വ്യക്തിപരമായ പ്രതിസന്ധിയായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, ആ കയ്പ്പേറിയ അനുഭവത്തെ ആത്മവിശ്വാസത്തോടെ നേരിട്ട് വിജയഗാഥ രചിക്കുകയാണ് ഇന്ത്യൻ സംരംഭകനായ ഹിമാൻഷു ഝാ.
തന്റെ ജോലി നഷ്ടപ്പെട്ടതിന്റെ ഒന്നാം വാർഷികം ആഘോഷിച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇപ്പോൾ തൊഴിൽ മേഖലയിലെ ചർച്ചാവിഷയമായിരിക്കുകയാണ്. തന്റെ 44-ാം വയസ്സിൽ ജോലി നഷ്ടപ്പെട്ടപ്പോൾ പൂജ്യത്തിൽ നിന്ന് എല്ലാം തുടങ്ങുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു.
ആ പ്രതിസന്ധി ഘട്ടത്തിൽ മകളോടൊപ്പം സ്ക്രാബിൾ കളിക്കുമ്പോൾ അവൾ നൽകിയ ഉപദേശം തന്റെ ജീവിതത്തിൽ വഴിത്തിരിവായെന്ന് അദ്ദേഹം പറയുന്നു. “പപ്പാ, പപ്പായ്ക്ക് ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള കാര്യം ചെയ്യൂ” എന്ന മകളുടെ വാക്കുകളാണ് തന്നെ സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് തുടങ്ങാൻ പ്രേരിപ്പിച്ചത്.
തന്റെ മകളെ അദ്ദേഹം സ്നേഹത്തോടെ ‘സീക്രട്ട് കോ ഫൗണ്ടർ’ എന്നാണ് വിശേഷിപ്പിക്കുന്നത്. മക്കളെ ധൈര്യം പഠിപ്പിക്കുക മാത്രമല്ല, അത് ജീവിതത്തിൽ പ്രാവർത്തികമാക്കി കാണിക്കുക കൂടി വേണമെന്ന് ഹിമാൻഷു ഝാ ഓർമ്മിപ്പിക്കുന്നു.
ഈ യാത്രയിൽ തനിക്ക് കരുത്തുപകർന്നത് ഭാര്യ ആർസൂ ഝായുടെ പിന്തുണയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കരിയറിലെ തിരിച്ചടികൾ നേരിടുന്നവർക്കായി അഞ്ച് പ്രധാന പാഠങ്ങളും അദ്ദേഹം പങ്കുവെക്കുന്നു: ഏത് പ്രായത്തിലും പുതിയൊരു തുടക്കം സാധ്യമാണ്.
ലേ-ഓഫ് എന്നത് കരിയറിന്റെ അവസാനമല്ല, മറിച്ച് നാം ജീവിക്കേണ്ട യഥാർത്ഥ ജീവിതത്തിലേക്ക് എത്തിപ്പെടാനുള്ള ഒരു വഴിത്തിരിവാണ്.
പ്രതിസന്ധി ഘട്ടങ്ങളിൽ ചില സുഹൃത്തുക്കളും ബന്ധുക്കളും നമ്മെ കൈവിട്ടേക്കാം. എന്നാൽ ഇത് ജീവിതത്തിൽ ആരാണ് യഥാർത്ഥത്തിൽ കൂടെയുണ്ടാകുക എന്ന് തിരിച്ചറിയാനുള്ള നല്ലൊരു അവസരമാണ്.
കോർപ്പറേറ്റ് ലക്ഷ്യങ്ങൾക്ക് പിന്നാലെ പായുന്നതിനിടയിൽ സ്വന്തം ആരോഗ്യവും സമാധാനവും കളയാതിരിക്കുക. ആരോഗ്യം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്.
തന്റെ അനുഭവത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ കുറിച്ചു: “ഇന്ന് ഞാനെന്റെ ലേ-ഓഫിനെ ഒരു നഷ്ടമായിട്ടല്ല കാണുന്നത്. എനിക്ക് പൂർണ്ണ വിശ്വാസമുള്ള ഒരു സ്ഥാപനം കെട്ടിപ്പടുക്കാൻ ലഭിച്ച അവസരമാണിത്.
ഇപ്പോൾ തൊഴിൽ പ്രതിസന്ധിയിലൂടെയോ കരിയർ ബ്രേക്കിലൂടെയോ കടന്നുപോകുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ: നിങ്ങളുടെ കഥ ഇവിടെ അവസാനിക്കുന്നില്ല. നിങ്ങൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന അധ്യായമായിരിക്കാം ചിലപ്പോൾ നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ പോകുന്നത്”.
തൊഴിൽ നഷ്ടത്തെ ഒരു തളർച്ചയായി കാണാതെ പുതിയൊരു തുടക്കമായി മാറ്റിയ ഹിമാൻഷുവിന്റെ ഈ നിലപാടിനെ വലിയൊരു വിഭാഗം പ്രൊഫഷണലുകളാണ് അഭിനന്ദിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

