ലോകകപ്പ് ഫുട്ബോളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധനേടിയ കബോ വെര്ദെ ടീമുമായുള്ള ഇന്ത്യയുടെ സൗഹൃദമത്സരം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. വരുന്ന സെപ്തംബർ-ഒക്ടോബർ ഫിഫ അന്താരാഷ്ട്ര മത്സര വിൻഡോയിൽ ആഫ്രിക്കൻ ടീമുമായി ഇന്ത്യൻ ദേശീയ ടീം സൗഹൃദമത്സരം കളിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, നിലവിൽ ഈ മത്സരത്തിനുള്ള സാധ്യതയില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
ബ്രസീലുമായി അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് തയ്യാറെടുക്കുന്ന അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) കബോ വെർദെയുമായി ഇതുവരെ അന്തിമ ധാരണയിലെത്തിയിട്ടില്ല. വാണിജ്യപരമായ കാര്യങ്ങളിൽ ഇരുരാജ്യങ്ങളുടെയും ഫുട്ബോൾ ഫെഡറേഷനുകൾക്ക് വ്യക്തത കൈവരിക്കാൻ സാധിക്കാത്തതാണ് മത്സരത്തിന് തടസ്സമായതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
അതേസമയം, ഫിഫ അന്താരാഷ്ട്ര മത്സര വിൻഡോയുടെ ഭാഗമായി സെപ്തംബർ 26ന് പനാമയ്ക്കെതിരെയുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് എ.ഐ.എഫ്.എഫ് ചൊവ്വാഴ്ച ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മത്സരത്തിന്റെ വേദിയും സമയവും പിന്നീട് അറിയിക്കുമെന്നാണ് ഫെഡറേഷൻ വ്യക്തമാക്കിയിട്ടുള്ളത്.
ഫിഫ റാങ്കിംഗിൽ 44-ാം സ്ഥാനത്തുള്ള പനാമയ്ക്കെതിരെയുള്ള മത്സരം, ബ്രസീലിനെ നേരിടാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് മികച്ചൊരു പരിശീലന വേദിയായി മാറും. ഒക്ടോബർ 3ന് കൊൽക്കത്തയിലാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-ബ്രസീൽ പോരാട്ടം നടക്കുന്നത്.
കൂടാതെ, നവംബറിലും ഇന്ത്യൻ ടീം സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. നവംബർ 12, 15 തീയതികളിലാണ് ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യയുടെ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

