തിരുവോണ നാളിൽ ഉയർന്ന നിലവാരത്തിൽ തുടർന്ന സംസ്ഥാനത്തെ സ്വർണവിലയിൽ അവിട്ട ദിനത്തിൽ തിരിച്ചടി.
വിപണിയിൽ ഇന്ന് സ്വർണവില ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,940 രൂപയായും, പവന് 560 രൂപ താഴ്ന്ന് 1,19,520 രൂപയായും എത്തിയിട്ടുണ്ട്. തിരുവോണത്തിന് തലേദിവസം ഗ്രാമിന് 80 രൂപ വർധിച്ച് വില 15,030 രൂപയിലും, പവൻ വില 640 രൂപ ഉയർന്ന് 1,20,240 രൂപയിലും എത്തിയിരുന്നു.
ഏറെ നാളുകൾക്ക് ശേഷമായിരുന്നു കേരളത്തിൽ ഗ്രാമിന് 15,000 രൂപയും പവന് 1.20 ലക്ഷം രൂപയും കടന്നുള്ള വ്യാപാരം നടന്നിരുന്നത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 4642 ഡോളർ ഉണ്ടായിരുന്നത് 4625 ഡോളർ ആയി കുറഞ്ഞതാണ് സംസ്ഥാനത്തെ വിലയിടിവിന് പ്രധാന കാരണം.
രാജ്യാന്തര വില 4700 ഡോളർ നിലവാരത്തിലേക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ. യുഎസിലെ ഉയർന്ന പണപ്പെരുപ്പം ഡോളറിന് കരുത്തുപകരുമെന്നും സ്വർണവില ഇടിയുമെന്നുമായിരുന്നു പ്രാഥമിക നിഗമനമെങ്കിലും, ഡോളറിന് ആനുപാതികമായ കരുത്ത് നേടാൻ സാധിച്ചിട്ടില്ല.
ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷ് ഈയാഴ്ച നടത്തുന്ന ജാക്സൺ ഹോൾ സിംപോസിയം പ്രഭാഷണത്തിലാണ് നിലവിൽ വിപണിയുടെ ശ്രദ്ധ. പലിശനിരക്ക് സംബന്ധിച്ച ഭാവി നടപടികളെക്കുറിച്ച് കെവിൻ നൽകുന്ന സൂചനകൾ വിപണിയെ നിർണായകമായി സ്വാധീനിക്കും.
പലിശനിരക്ക് ഉയർത്തുമെന്ന സൂചനയാണെങ്കിൽ ഡോളർ ശക്തിപ്രാപിക്കുകയും സ്വർണവില താഴുകയും ചെയ്യും. എന്നാൽ പണപ്പെരുപ്പത്തിൽ വലിയ വർധനയില്ലാത്തതിനാൽ പലിശ കൂട്ടാൻ പെട്ടെന്ന് മുതിരില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ ഡോളർ ഇടിയുകയും സ്വർണവില വീണ്ടും കുതിച്ചുയരുകയും ചെയ്യും.
ഹോർമുസ് മേഖലയിലെ എണ്ണവിലയിൽ ഉണ്ടായ കുറവും ഡോളറിന് തിരിച്ചടിയായിട്ടുണ്ട്. ഇത് ആത്യന്തികമായി സ്വർണവിപണിക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നുണ്ട്.
അതേസമയം, കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ കുറഞ്ഞ് 12,275 രൂപയായി. വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 260 രൂപയിൽ തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

