ദശാബ്ദങ്ങളായി കേരളത്തെ വലച്ച സുകുമാര കുറുപ്പ് തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. പിടികിട്ടാപ്പുള്ളിയായ കുറുപ്പ് വർഷങ്ങൾക്ക് മുൻപ് മരിച്ചുവെന്ന ശക്തമായ നിഗമനത്തിലാണ് പുതിയ അന്വേഷണ സംഘം എത്തിച്ചേർന്നിരിക്കുന്നത്.
ഏതാനും വിവരങ്ങൾ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിച്ച് ഔദ്യോഗികമായി അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ഹൃദ്രോഗബാധയെ തുടർന്നാണ് കുറുപ്പ് മരണപ്പെട്ടതെന്നാണ് ലഭ്യമാകുന്ന വിവരം.
ഇതുമായി ബന്ധപ്പെട്ട സമഗ്രമായ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് ഉടൻ തന്നെ കൈമാറും.
തീരുമാനമാകാതെ കിടക്കുന്ന പഴയ കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി മൂന്ന് മാസം മുൻപാണ് ക്രൈംബ്രാഞ്ച് ഈ കേസിൽ പുനരന്വേഷണം ആരംഭിച്ചത്. ഒളിവിൽ കഴിഞ്ഞിരുന്ന കുറുപ്പിനെ അവസാനമായി കണ്ട
മലയാളിയായ, ജാർഖണ്ഡിൽ നഴ്സായി ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശിനി രത്നമ്മയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. രത്നമ്മ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ഐസിയുവിൽ ഹൃദ്രോഗ ബാധിതനായി സുകുമാര കുറുപ്പ് ചികിത്സയിലുണ്ടായിരുന്നു.
അക്കാലത്ത് ഏകദേശം നാൽപത് വയസ് പ്രായമുണ്ടായിരുന്ന കുറുപ്പിന്റെ ആരോഗ്യനില കണക്കിലെടുക്കുമ്പോൾ, പിന്നീട് ഇന്നുവരെയുള്ള നാല് പതിറ്റാണ്ടുകാലം അദ്ദേഹം ജീവിച്ചിരിക്കാൻ യാതൊരു സാധ്യതയുമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സുകുമാര കുറുപ്പിന്റെ ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഈ കുപ്രസിദ്ധ കുറ്റവാളി ജീവനോടെയില്ലെന്ന അന്തിമ നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. സ്വന്തം പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിന്റെ ഭാഗമായി, താൻ മരിച്ചുവെന്ന് വരുത്തിത്തീർക്കാനായി 1984 ജനുവരി 22ന് പുലർച്ചെയാണ് നിരപരാധിയായ ചാക്കോയെ സുകുമാര കുറുപ്പും സംഘവും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്.
തുടർന്ന് മൃതദേഹം കാറിലിട്ട് കത്തിക്കുകയായിരുന്നു.

