കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ച ഹൈക്കമാൻഡ് തീരുമാനത്തെ പൂർണ്ണമായി സ്വാഗതം ചെയ്യുന്നതായി കെ.സി.
വേണുഗോപാൽ. പാർട്ടി എടുത്ത തീരുമാനം അന്തിമമാണെന്നും, അതിനെ അംഗീകരിച്ചു മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
“അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ. പാര്ട്ടിയാണ്, ജനങ്ങളാണ് വലുത്” എന്ന് കെ.സി.
വേണുഗോപാൽ പറഞ്ഞു. വി.ഡി.
സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് അറിയിച്ച അദ്ദേഹം, നിലവിലെ സാഹചര്യത്തിൽ നേരത്തെയുണ്ടായിരുന്ന ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും കൂട്ടിച്ചേർത്തു. നേതൃത്വം എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയത്.
കേരളത്തിലെ വിഷയമായതിനാലാണ് പ്രഖ്യാപന വേളയിൽ താൻ വിട്ടുനിന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. “സതീശന് ഹൃദയം തുറന്ന അഭിനന്ദനങ്ങൾ നേരുന്നു” എന്ന് പറഞ്ഞ വേണുഗോപാൽ, കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ചുള്ള ഒരു ഭരണകൂടം സതീശന്റെ നേതൃത്വത്തിൽ ഉണ്ടാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
തന്റെ നിലപാടുകളെക്കുറിച്ച് സംസാരിക്കവെ, “ഹൈക്കമാൻഡ് തീരുമാനം അനുസരിക്കും എന്നാണ് എപ്പോഴും പറഞ്ഞിരുന്നത്. അടിയുറച്ച കോൺഗ്രസുകാരനായി തുടരും” എന്ന് അദ്ദേഹം ആവർത്തിച്ചു.
തന്നെ പിന്തുണച്ച പ്രവർത്തകരോടും ഈ തീരുമാനം ഉൾക്കൊള്ളണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വിമർശനങ്ങൾ ഉന്നയിക്കുന്നവരോട്, “ആക്രമിക്കുന്നവർക്ക് ഇനിയും സധൈര്യം തുടരാമെന്നും ആക്ഷേപങ്ങളെല്ലാം താൻ സഹിച്ചോളാമെന്നും” വേണുഗോപാൽ പ്രതികരിച്ചു.
അതേസമയം, ഘടകകക്ഷികളുടെ സമ്മർദ്ദത്താലാണോ ഇത്തരമൊരു തീരുമാനമുണ്ടായതെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

