മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിൻ്റെ കാലത്ത്, എക്സൈസ് മന്ത്രിയുടെ അറിവില്ലാതെ മൂന്ന് ബിയർ വൈൻ പാർലറുകൾക്ക് ബാർ ലൈസൻസുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് സാധ്യതയേറുന്നു. ലൈസൻസുകൾ അതിവേഗം അനുവദിച്ചതിന് പിന്നിൽ ബാഹ്യ ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന വിവരം മന്ത്രിക്ക് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
ഇതിനുപുറമേ, എക്സൈസ് വകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം ശുപാർശ ചെയ്യും. ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് തിങ്കളാഴ്ച എക്സൈസ് മന്ത്രി എം ലിജു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഔദ്യോഗികമായി കത്ത് നൽകും.
എറണാകുളത്ത് ജൂൺ മാസത്തിലാണ് രണ്ട് ബിയർ വൈൻ പാർലറുകളുടെ ബാർ ലൈസൻസ് പുതുക്കി നൽകിയത്. ഇതിൽ ഒന്നിന് അപേക്ഷ സമർപ്പിച്ച് തൊട്ടടുത്ത ദിവസം തന്നെ ലൈസൻസ് അനുവദിക്കപ്പെടുകയായിരുന്നു.
എന്നാൽ പാലായിൽ സെപ്തംബർ അവസാനവാരമാണ് ബാർ ലൈസൻസിനായി അപേക്ഷ നൽകിയതെങ്കിലും, ഒക്ടോബർ 3-ന് തന്നെ ലൈസൻസ് ലഭിക്കുകയും ചെയ്തു. നിയമസഭയിൽ ഉന്നയിക്കപ്പെട്ട
ചോദ്യത്തിന് മറുപടി നൽകാൻ ബാറുകളുടെ കണക്കുകൾ പരിശോധിച്ചപ്പോഴാണ്, നിലവിലെ സർക്കാരിൻ്റെ കാലത്ത് ഈ മൂന്ന് ബാർ ലൈസൻസുകൾ പുതുക്കി നൽകിയ വിവരം എക്സൈസ് മന്ത്രി അറിയുന്നത്. 2014-ൽ ബാറുകൾ പൂട്ടിപ്പോയതിന് ശേഷം ബിയർ വൈൻ പാർലറുകൾ പ്രവർത്തിച്ചിരുന്ന ഇടങ്ങളാണിത്.
ഹോട്ടലുകൾ മൂന്ന് സ്റ്റാർ നിലവാരത്തിലേക്ക് ഉയർത്തിയിട്ടുണ്ടെങ്കിൽ ബാർ ലൈസൻസ് അനുവദിക്കാമെന്ന രീതിയിലുള്ള ചട്ടഭേദഗതി 2017-ൽ ഇടതു സർക്കാർ കൊണ്ടുവന്നിരുന്നു. നിലവിലെ നിയമപ്രകാരം ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ലൈസൻസുകൾ പുതുക്കി നൽകാനുള്ള അധികാരമുണ്ട്.
എന്നാൽ, പുതിയ മദ്യനയം പ്രഖ്യാപിക്കാൻ ഇരിക്കെ സർക്കാർ അറിയാതെ ലൈസൻസുകൾ വിതരണം ചെയ്ത ഡെപ്യൂട്ടി കമ്മീഷണർമാരായ പി കെ സതീഷ്, ഷിബു പി എൽ എന്നിവരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിരമിച്ച ഉദ്യോഗസ്ഥരുടെ ഉൾപ്പെടെയുള്ള ശക്തമായ ഇടപെടലുകളെ തുടർന്നാണ് ലൈസൻസുകൾ ഇത്രയും വേഗത്തിൽ പുതുക്കി നൽകിയതെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിജിലൻസ് അന്വേഷണ സാധ്യത പരിശോധിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

