കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ച അമ്മത്തൊട്ടിലിൽ പുതിയ അതിഥി കൂടി എത്തിയിരിക്കുന്നു. ഇതോടെ അമ്മത്തൊട്ടിലിൽ എത്തുന്ന ഒൻപതാമത്തെ കുട്ടിയായി ഈ കുഞ്ഞ് മാറി.
ഈ വർഷം ലഭിക്കുന്ന എട്ടാമത്തെ കുട്ടിയും, അമ്മത്തൊട്ടിലിൽ എത്തിയവരിൽ മൂന്നാമത്തെ പെൺകുട്ടിയുമാണിത്. ബുധനാഴ്ച രാത്രി 10.44-ഓടെയാണ് നാല് ദിവസം പ്രായവും 2.53 കിലോഗ്രാം തൂക്കവുമുള്ള പെൺകുഞ്ഞിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തിയത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖനം’ എന്ന കൃതിയിലെ കഥാപാത്രത്തിന്റെ പേരായ ‘സമീര’ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു.
അമ്മത്തൊട്ടിലിനോട് ചേർന്നുള്ള നഴ്സിങ് സ്റ്റേഷനിൽ അലാം മുഴങ്ങിയ ഉടൻ തന്നെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുഞ്ഞിനെ സുരക്ഷിതമായി ഇന്റർകെയർ യൂണിറ്റിലേക്ക് മാറ്റി. തുടർന്ന് ഡോക്ടർമാർ നടത്തിയ പ്രാഥമിക പരിശോധനയിൽ കുഞ്ഞ് പൂർണ ആരോഗ്യവതിയാണെന്ന് സ്ഥിരീകരിച്ചു.
നിലവിൽ കുഞ്ഞ് ബീച്ച് ആശുപത്രിയുടെ സംരക്ഷണയിലാണ്. സമീരയുടെ ദത്തെടുക്കൽ നടപടികൾ ആരംഭിക്കാൻ ഇരിക്കുന്നതിനാൽ, കുട്ടിയുമായി ബന്ധപ്പെട്ട
ആരെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ഉടൻ ബന്ധപ്പെടണമെന്ന് ജി.എൽ. അരുൺ ഗോപി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

