ചാരുംമൂട് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അമ്മയും മകനും അറസ്റ്റിലായി. നൂറനാട് ഇടക്കുന്നം വിഷ്ണു ഭവനത്തിൽ താമസിക്കുന്ന മുതുകുളം റാണിഭവനത്തിൽ അനീഷ് ബി.ബാബു (19), അമ്മ രാജേശ്വരി (50) എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 16.100 ഗ്രാം തൂക്കം വരുന്ന രണ്ട് വളകൾ പണയം വെച്ച് 1,40,000 രൂപ അനീഷ് ഫൈനാൻസിയേഴ്സിൽ നിന്ന് ഇവർ കൈപ്പറ്റിയിരുന്നു.
തുടർന്ന് നടത്തിയ സൂക്ഷ്മപരിശോധനയിൽ പണയം വെച്ച ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന് വ്യക്തമാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ പ്രതികൾ വിവിധ ഘട്ടങ്ങളിലായി 30 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ ഇതേ സ്ഥാപനത്തിൽ പണയം വെച്ചിരുന്നതായും അവയെല്ലാം മുക്കുപണ്ടങ്ങളാണെന്നും കണ്ടെത്തി.
കലതിവിളയിൽ ഫൈനാൻസിയേഴ്സ് ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നൂറനാട് എസ്.ഐ. എസ്.മിഥുന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
തങ്ങൾ കുറ്റം ചെയ്തതായി പ്രതികൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഈ കേസിൽ മൂന്നാം പ്രതിയായ രാജേശ്വരിയുടെ ഭർത്താവ് ഹരി (38) ഒളിവിലാണ്.
ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
എസ്.ഐ. സുരേഷ് കെ.ബാബു, എ.എസ്.ഐ.
സ്വർണ്ണരേഖ, സീനിയർ സി.പി.ഒ. പി.സുനിൽകുമാർ, സി.പി.ഒമാരായ മനു, മനു പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിൽ പങ്കെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

