ന്യൂഡൽഹി ∙ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിൽ ഗാന്ധികുടുംബത്തിനുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നുവെന്ന് സോണിയ ഗാന്ധിയുടെ വെളിപ്പെടുത്തൽ. ഭർത്താവ് രാജീവ് ഗാന്ധി അടിയന്തരാവസ്ഥയ്ക്ക് എതിരായിരുന്നുവെന്നും അടുത്ത തിരഞ്ഞെടുപ്പുവരെ കാത്തിരിക്കാൻ അദ്ദേഹം അമ്മയോട് ഉപദേശിച്ചിരുന്നുവെന്നും സോണിയ വ്യക്തമാക്കി.
തന്റെ ഓർമകൾ പങ്കിടുന്ന ‘ബിലോങ്ങിങ്– എ ജേണി ഓഫ് ലവ്’ എന്ന പുസ്തകം 10ന് വിപണിയിലെത്തുന്ന പശ്ചാത്തലത്തിൽ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലാണ് അവർ അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിച്ചത്. സഞ്ജയ് ഗാന്ധി അടിയന്തരാവസ്ഥയ്ക്കായി ശക്തമായ സമ്മർദം ചെലുത്തിയെന്നും പ്രതിപക്ഷത്തെ കർശനമായി തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും അവർ പറഞ്ഞു.
ചില മുതിർന്ന നേതാക്കളുടെ ഭാഗത്തുനിന്നും സമാനമായ സമ്മർദങ്ങളുണ്ടായി. ഇന്ദിരാഗാന്ധിയുടെമേൽ സഞ്ജയ്ക്കുള്ള സ്വാധീനം അക്കാലത്ത് വലിയ രീതിയിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇത് കുടുംബത്തിനുള്ളിലും കടുത്ത സംഘർഷങ്ങൾക്ക് കാരണമായിത്തീർന്നു. രാജീവ് ഗാന്ധി ഇക്കാര്യത്തിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഇന്ദിരാഗാന്ധി അത് കേൾക്കാൻ തയാറായില്ല.
സഞ്ജയിനെ കൃത്യസമയത്ത് നിയന്ത്രിച്ചിരുന്നെങ്കിൽ പലവിധ നാശനഷ്ടങ്ങളും ഒഴിവാക്കാൻ സാധിക്കുമായിരുന്നു. എങ്കിലും, ക്രമേണ സ്വന്തം വിവേകത്തിലൂടെ പരിഹാരനടപടികൾ സ്വീകരിക്കാൻ ഇന്ദിരയ്ക്ക് സാധിച്ചുവെന്നും സോണിയ കൂട്ടിച്ചേർത്തു.
അടിയന്തരാവസ്ഥ തെറ്റായ തീരുമാനമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട അവർ, ഇക്കാര്യം ഇന്ദിരയ്ക്കും തോന്നിയിരിക്കാമെന്നും ഉള്ളുകൊണ്ട് അവർ ശക്തയായൊരു ജനാധിപത്യവാദിയായിരുന്നുവെന്നും വ്യക്തമാക്കി.
താൻ വധിക്കപ്പെടുമെന്ന് ഇന്ദിരാഗാന്ധി മുൻകൂട്ടി കരുതിയിരുന്നുവെന്നും സോണിയ വിശദീകരിച്ചു. എന്തുവന്നാലും ധൈര്യമായിരിക്കണമെന്നും കരയരുതെന്നുമാണ് രാഹുൽ ഗാന്ധിയോട് ഇന്ദിര നിർദ്ദേശിച്ചിരുന്നത്.
സിഖ് അംഗരക്ഷകരെ മാറ്റണമെന്നുള്ള ഉപദേശം അവർ അവഗണിച്ചതാണ് ഒടുവിൽ വിധി നിർണയിച്ച തീരുമാനമായി മാറിയത്. ഇന്ദിര കൊല്ലപ്പെട്ടശേഷം സമാനമായ ദുർവിധി കുടുംബത്തിലെ ഓരോരുത്തർക്കും ഉണ്ടായേക്കാമെന്ന് എല്ലാവരും ഭയപ്പെട്ടിരുന്നു.
ഇതിന്റെ ഭാഗമായി ഓരോരുത്തരുടെയും മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതുസംബന്ധിച്ച കുറിപ്പുകൾപോലും മുൻകൂട്ടി തയാറാക്കി വെച്ചിട്ടുണ്ടായിരുന്നു. ആ ദുഘടഘട്ടത്തിൽ ഇറ്റലിയിലേക്കു മടങ്ങിച്ചെല്ലാൻ സഹോദരി ആവശ്യപ്പെട്ടെങ്കിലും അത്തരമൊരു ചിന്ത പോലും തനിക്ക് സാധ്യമായിരുന്നില്ലെന്നും സോണിയ ഓർമ്മിച്ചു.
മുൻകാലങ്ങളിൽ ശരത് പവാർ അടക്കമുള്ള സഹപ്രവർത്തകർ തന്നെ ഒരു പുറംനാട്ടുകാരിയായി കണ്ടത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. രാഷ്ട്രീയത്തോട് വലിയ താൽപ്പര്യമില്ലായിരുന്നെങ്കിലും ഭർത്താവിനോടുള്ള കടപ്പാടിന്റെ പുറത്താണ് താൻ ഈ ചുമതലയേറ്റെടുക്കാൻ തീരുമാനിച്ചത്.
നിലവിലെ മോദി ഭരണകാലം ബഹുസ്വരതയ്ക്കും മതനിരപേക്ഷ ഇന്ത്യയ്ക്കും തികഞ്ഞ വിരുദ്ധമാണെന്നും ന്യൂനപക്ഷങ്ങൾ അടിച്ചമർത്തപ്പെടുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും അവർ കുറ്റപ്പെടുത്തി. രാഷ്ട്രീയത്തിൽ വിജയം കൈവരിക്കുന്നതിന് നരേന്ദ്ര മോദിയിൽനിന്നു തികച്ചും വ്യത്യസ്തമായ വഴികളുണ്ടെന്നതിന്റെ മികച്ച ഉദാഹരണങ്ങളാണ് മൻമോഹൻ സിംഗ്, മല്ലികാർജുൻ ഖർഗെ എന്നിവരെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

