ബീഹാറിലെ ചപ്ര തീരത്ത് അബദ്ധവശാൽ അകപ്പെട്ട ഡോൾഫിൻ കുഞ്ഞുമായി കുട്ടികൾ കളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗത്തോടുള്ള പൊതുജനങ്ങളുടെ അവബോധക്കുറവിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. ഗംഗാ നദിയിലെ ഡോൾഫിനുകൾ ഇന്ത്യയുടെ ദേശീയ ജലജീവികളാണ്.
നിലവിൽ നദീജല മലിനീകരണം ഉൾപ്പെടെയുള്ള വെല്ലുവിളികൾ മൂലം അതിജീവനത്തിനായി പൊരുതുന്നവയാണ് ഇവ. ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ‘സ്ട്രീറ്റ് ഡോഗ്സ് ഓഫ് ബോംബെ’ സർക്കാറിന്റെ നിസ്സംഗതയെയും പ്രദേശവാസികളുടെ അജ്ഞതയെയും രൂക്ഷമായി വിമർശിച്ചു.
വഴിതെറ്റി കരയോടടുത്ത ഡോൾഫിനെ സുരക്ഷിതമായി നദിയിലേക്ക് തിരിച്ചയക്കുന്നതിന് പകരം, കുട്ടികൾ അതിനെ കളിപ്പാട്ടം പോലെ ഉപയോഗിക്കുകയായിരുന്നു. വെള്ളത്തിന് പുറത്ത് കൂടുതൽ സമയം അതിജീവിക്കാൻ കഴിയാത്ത ഈ ജീവികളുടെ മേൽ മനുഷ്യർ ഇടപെടുന്നത് അവയുടെ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നും മരണത്തിലേക്ക് നയിക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. “മാതാപിതാക്കളും മുതിർന്നവരും കുട്ടികളെ മൃഗപീഡനത്തെക്കുറിച്ച് ബോധവൽക്കരിക്കേണ്ടതുണ്ട്.
ഇത് ഹൃദയഭേദകമാണ്. ഡോൾഫിൻ വായുവിനും വെള്ളത്തിനും വേണ്ടി ശ്വാസംമുട്ടുന്നു.
വളരെ സങ്കടകരമാണെന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്.” “ഈ അവബോധമില്ലായ്മയാണ് ഇന്ത്യയുടെ വർത്തമാനകാലമെന്നായിരുന്നു മറ്റൊരു കുറിപ്പ്.” “സഹജീവികളോട് സഹാനുഭൂതിയുടെ അഭാവം, മറ്റുള്ളവരുടെ ദുരിതത്തിലെ വിനോദം. ദയവായി ഇതിനെ നിഷ്കളങ്കതയെന്ന് വിളിക്കരുതെന്നായിരുന്നു മറ്റൊരു കുറിപ്പ്.” വന്യജീവികളെ ഉപദ്രവിക്കുന്നത് നിയമപ്രകാരം കുറ്റകരമാണ്.
ഇത്തരം സാഹചര്യങ്ങളിൽ അനാവശ്യമായി ഇടപെടാതെ ഉടനടി വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയാണ് വേണ്ടതെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

