ഗാന്ധിജയന്തി ദിനത്തിൽ ഡൽഹി ജന്തർമന്തറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ പ്രതിഷേധം ശക്തമായി. സിജെപിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭമെങ്കിലും വിവിധ വിദ്യാർത്ഥി സംഘടനകളും സമരമുഖത്ത് സജീവമായി രംഗത്തുണ്ട്.
സമരത്തിന്റെ നാലാം ദിവസമായ ഇന്ന് എൻഎസ്യുഐയുടെ നേതൃത്വത്തിലായിരുന്നു പ്രധാന മാർച്ചും പ്രതിഷേധ പരിപാടികളും അരങ്ങേറിയത്. എസ്ഐആർ നടപടികളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചാണ് രാഷ്ട്രീയ-വിദ്യാർത്ഥി-പൗരാവകാശ സംഘടനകൾ സംയുക്തമായി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മാർച്ച് സംഘടിപ്പിച്ചത്.
എന്നാൽ, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിലേക്ക് എത്തിയ പ്രക്ഷോഭകരെ കടത്തിവിടാൻ ഡൽഹി പോലീസ് തയ്യാറായില്ല. എംപിമാർ അടക്കമുള്ള പ്രമുഖ നേതാക്കളെ പോലീസ് സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു നീക്കി.
പ്രതിഷേധത്തിനിടയിൽ ഗുരുതരമായ ആരോപണങ്ങളാണ് പോലീസിനെതിരെ ഉയർന്നിട്ടുള്ളത്. വനിതാ പ്രവർത്തകരെയും വനിതാ മാധ്യമ പ്രവർത്തകരെയും എസിപി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ ലൈംഗികമായി ഉപദ്രവിച്ചെന്ന് വ്യാപക പരാതികൾ ഉയർന്നിട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായി 11 മെട്രോ സ്റ്റേഷനുകളും പ്രധാന റോഡുകളും അടച്ചിടുകയും കേന്ദ്രസേനയെ ഉൾപ്പെടെ വിന്യസിച്ചുമാണ് പ്രതിഷേധം പോലീസ് നേരിടുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സമരത്തിനെത്തുന്നവരെ വഴിയിൽ തടഞ്ഞ് അറസ്റ്റ് ചെയ്തു നീക്കുന്ന നടപടിയാണ് തുടരുന്നത്.
പലയിടങ്ങളിലും പ്രതിഷേധക്കാരെ കയറ്റിയ വാഹനങ്ങൾ തടഞ്ഞുനിർത്തി ആളുകളെ പുറത്തിറക്കിവിടുന്ന സ്ഥിതിയുണ്ടായി. ഇന്നത്തെ സമരത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ പ്രതീകാത്മകമായി മൃതദേഹങ്ങളായി കിടന്നുകൊണ്ട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇവരെ പോലീസ് ബലംപ്രയോഗിച്ച് തൂക്കിയെടുത്തു വാഹനങ്ങളിൽ കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വനിതാ വിദ്യാർത്ഥികളെ അടക്കം പോലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ഡൽഹി പോലീസിന്റെ ഈ അതിക്രമങ്ങൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച മാധ്യമ പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. എൻഎസ്യുഐ ദേശീയ അധ്യക്ഷൻ വിനോദ് ജാക്കരെ ഉൾപ്പെടെയുള്ള പ്രമുഖരെയാണ് ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ ജന്തർമന്ദിറിൽ വലിയ പ്രതിഷേധ പരിപാടികൾ നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

