ഇന്ത്യയിൽ സ്വർണ ഇറക്കുമതി തീരുവ 15 ശതമാനമായി പുനഃസ്ഥാപിച്ച സാഹചര്യത്തിൽ, ഗൾഫ് നാടുകളിലെ സ്വർണ വിപണിയിൽ വീണ്ടും അനുകൂലമായ മാറ്റങ്ങൾ പ്രകടമാകുന്നു. കേന്ദ്ര ബജറ്റിലൂടെ തീരുവ 6 ശതമാനമായി കുറച്ച കാലയളവിൽ ഗൾഫ് മേഖലയിലെ ജ്വല്ലറികൾക്ക് ബിസിനസ് രംഗത്ത് വലിയ ഇടിവ് നേരിട്ടിരുന്നു.
നേരത്തെ ഇന്ത്യയിൽ ഉയർന്ന നികുതി നിലനിന്നിരുന്നപ്പോൾ പ്രവാസികളും സന്ദർശക വീസയിൽ എത്തുന്നവരും വലിയ തോതിൽ സ്വർണം വാങ്ങി നാട്ടിലേക്ക് കൊണ്ടുപോകാറുണ്ടായിരുന്നു. ഗൾഫ് രാജ്യങ്ങളിലെ 5 ശതമാനം എന്ന കുറഞ്ഞ നികുതി നിരക്ക് ഉപഭോക്താക്കളെ വലിയ തോതിൽ ആകർഷിച്ചിരുന്നു.
ലാഭകരമായി സ്വർണം വാങ്ങുന്നതിനായി മാത്രമായി വിമാനയാത്ര നടത്തുന്നവർ വരെ അക്കാലത്തുണ്ടായിരുന്നു. എന്നാൽ നാട്ടിലെ നികുതി നിരക്ക് 6 ശതമാനത്തിലേക്ക് താഴ്ത്തുകയും സ്വർണം കൊണ്ടുവരുന്നതിലെ കർശന നിയന്ത്രണങ്ങൾ തുടരുകയും ചെയ്തത് വിപണിയെ ബാധിച്ചിരുന്നു.
നിലവിലെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഒരു ഗ്രാം സ്വർണത്തിന് 14,850 രൂപ വിലയുള്ളപ്പോൾ ദുബായിൽ 13,495 രൂപയാണ് വില. ഗ്രാമിന് ഏകദേശം 1400 മുതൽ 1500 രൂപ വരെ വില വ്യത്യാസം നിലനിൽക്കുന്നു.
കൂടാതെ, സന്ദർശക വീസയിൽ എത്തുന്നവർക്ക് യുഎഇ ഈടാക്കുന്ന 5 ശതമാനം വിൽപന നികുതിയുടെ ഒരു ഭാഗം മടക്കയാത്രയിൽ തിരികെ ലഭിക്കുന്നതും അനുകൂല ഘടകമാണ്. നിലവിലെ ചട്ടപ്രകാരം, നികുതിയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുപോകാവുന്ന സ്വർണാഭരണങ്ങളുടെ തൂക്കം സ്ത്രീകൾക്ക് 40 ഗ്രാമും പുരുഷന്മാർക്ക് 20 ഗ്രാമുമാണ്.
ഇതനുസരിച്ച് നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് ചുരുങ്ങിയത് 100 ഗ്രാം സ്വർണാഭരണം നികുതിയില്ലാതെ കൊണ്ടുപോകാൻ സാധിക്കും. മക്കൾ രണ്ട് പെൺകുട്ടികളാണെങ്കിൽ 140 ഗ്രാം വരെ ഇത്തരത്തിൽ എത്തിക്കാൻ കഴിയും.
ഇന്ത്യയിലെ വില അനുസരിച്ച് 140 ഗ്രാമിന് ഏകദേശം 20.70 ലക്ഷം രൂപ വില വരുമ്പോൾ, ഗൾഫിൽ നിന്ന് വാങ്ങുമ്പോൾ 18.10 ലക്ഷം രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ. ഇതിലൂടെ രണ്ട് ലക്ഷം രൂപയിലധികം ലാഭം ലഭിക്കുന്നു.
“പ്രവാസികൾക്കും നിക്ഷേപകർക്കും വിനോദസഞ്ചാരികൾക്കും ഇത് മികച്ച അവസരമാണെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എംഡി ഷംലാൽ അഹമ്മദ് പറഞ്ഞു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

