ബെംഗളൂരുവിൽ ജിംനേഷ്യത്തിന്റെ ഒന്നാം വാർഷികാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മലയാളി ദമ്പതികളുടെ മകൻ കൊല്ലപ്പെട്ടു. ജിമ്മിലെ ട്രെയിനറായ നന്ദൻ (25) ആണ് സഹപ്രവർത്തകരുടെ ക്രൂരമർദനത്തിന് ഇരയായി ജീവനൊടുക്കേണ്ടി വന്നത്.
ബെംഗളൂരു ജാക്കൂർ ലേഔട്ടിൽ താമസിക്കുന്ന മഹേന്ദ്ര-മഞ്ജുള ദമ്പതിമാരുടെ ഏകമകനാണ് നന്ദൻ. സംഭവവുമായി ബന്ധപ്പെട്ട് ജിമ്മിലെ മറ്റു ട്രെയിനർമാരായ വിശ്വനാഥ് (22), ശരത് (27), നിശാന്ത് (24) എന്നിവരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു.
ഇവർക്ക് പുറമേ ജിമ്മിലെ അംഗമായ അനുഷ് എതിരേയും നന്ദന്റെ അമ്മ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഈ കേസിൽ ഇയാളുടെ പങ്ക് എത്രത്തോളമുണ്ടെന്ന് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
നന്ദന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി സഹോദര നഗറിലെ ‘മാസീവ് ഫിറ്റ്നസ്’ എന്ന ജിംനേഷ്യത്തിലെ ട്രെയിനറായിരുന്നു കൊല്ലപ്പെട്ട
നന്ദൻ. ശനിയാഴ്ചയായിരുന്നു ജിമ്മിന്റെ ഒന്നാം വാർഷികാഘോഷം നടത്തിയത്.
ആഘോഷപരിപാടികൾക്ക് ശേഷം നന്ദനും മറ്റ് മൂന്ന് പ്രതികളും ചേർന്ന് അനുഷിന്റെ ഫ്ലാറ്റിലേക്ക് പോവുകയായിരുന്നു. ഇവിടെയെത്തിയും ആഘോഷങ്ങൾ തുടർന്നു.
ഇതിനിടയിൽ ഇവർ ലഹരി വസ്തുക്കൾ ഉപയോഗിച്ചതായിട്ടാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന് ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ ഇവർ തമ്മിൽ ശക്തമായ വാക്കുതർക്കവും കയ്യാങ്കളിയുമുണ്ടായി.
പരസ്പരമുണ്ടായ സംഘർഷത്തിനിടയിലാണ് നന്ദന് ഗുരുതരമായി മർദനമേറ്റത്. നന്ദന്റെ ശരീരത്തിൽ നിരവധി പരിക്കുകളും മുറിവുകളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ശ്വാസംമുട്ടിച്ചാണോ കൊലപാതകം നടന്നതെന്ന കാര്യത്തിലും പൊലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സംഘർഷത്തിൽ അറസ്റ്റിലായ പ്രതികൾക്കും പരിക്കേറ്റിട്ടുണ്ട്.
ഫ്ലാറ്റിലെ ചില്ലുകളും വാഷ്ബേസിനും അടിപിടിക്കിടെ തകർന്ന നിലയിലാണ്. അതേസമയം, സംഭവസമയത്ത് താൻ ഉറങ്ങുകയായിരുന്നുവെന്നും ഞായറാഴ്ച രാവിലെ പത്തരയോടെയാണ് എഴുന്നേറ്റതെന്നും ഫ്ലാറ്റുടമയായ അനുഷ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഈ സമയത്താണ് നന്ദനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് അബോധാവസ്ഥയിലായ നന്ദനെ രക്ഷപ്പെടുത്താനായി പരിചയക്കാരനായ ഒരു ഡോക്ടറെ വീഡിയോ കോളിൽ വിളിച്ച് സഹായം തേടിയിരുന്നു.
ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉടൻ തന്നെ ആംബുലൻസ് വരുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും, ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ വ്യക്തമാക്കുകയായിരുന്നു. നന്ദൻ പരിക്കേറ്റ് അബോധാവസ്ഥയിൽ കിടക്കുമ്പോഴും കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരായ മൂന്ന് പ്രതികളും ഫ്ലാറ്റിൽ തന്നെയുണ്ടായിരുന്നുവെന്നും എന്നാൽ ഇവർ തിരിഞ്ഞുനോക്കാൻ പോലും തയ്യാറായില്ലെന്നും അനുഷ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
എന്താണ് ഇവർ തമ്മിലുള്ള തർക്കത്തിന് യഥാർത്ഥ കാരണം എന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടക്കുമെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

