മലയാള സിനിമാരംഗത്ത് ആദ്യമായി ഒരു മ്യൂസിക്കൽ ഹൊറർ കോമഡി വിഭാഗത്തിൽ നിർമിക്കപ്പെട്ട ‘കറക്കം’ റിലീസിന് തയ്യാറെടുക്കുന്നു.
സെൻസർ ബോർഡ് യു എ 13+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. എൺപതുകളിലെ മൈക്കൽ ജാക്സൺ കാലഘട്ടത്തിന്റെ സംഗീതവും ഡിസ്കോയും പശ്ചാത്തലമാക്കിക്കൊണ്ട്, സമകാലിക ജീവിതത്തിലേക്ക് കടന്നുവരുന്ന റെട്രോ ആത്മാക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.
ഒരു സംഘം യുവാക്കളും അശാന്തരായി കറങ്ങിനടക്കുന്ന പ്രേതങ്ങളും തമ്മിലുള്ള രസകരമായ സന്ദർഭങ്ങളാണ് സിനിമയുടെ പ്രമേയം. കാലഘട്ടങ്ങൾ മാറുമ്പോൾ സംഭവിക്കുന്ന വൈരുദ്ധ്യങ്ങളും നിഗൂഢതകളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
പ്രേക്ഷകരിൽ ആകാംക്ഷയുണർത്തിക്കൊണ്ടുള്ള ചിത്രത്തിന്റെ ടീസർ ഇതിനകം പുറത്തിറങ്ങിക്കഴിഞ്ഞു. ശ്രീനാഥ് ഭാസി, ഫെമിന ജോർജ്ജ്, ഷൗൺ റോമി, സിദ്ധാർത്ഥ് ഭരതൻ, അഭിരാം രാധാകൃഷ്ണൻ, പ്രവീൺ ടി.ജെ.
എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മലയാളികൾക്ക് തികച്ചും വ്യത്യസ്തമായൊരു ദൃശ്യാനുഭവം വാഗ്ദാനം ചെയ്യുന്നു. ബ്ലാക്ക് ടർട്ടിൽ പ്രൊഡക്ഷൻസിന്റെയും ക്രൗൺസ്റ്റാർസ് എന്റർടൈൻമെന്റിന്റെയും ബാനറിൽ അങ്കുഷ് സിങ്, കിമ്പർളി ട്രിനിഡാഡ് എന്നിവർ ചേർന്നാണ് നിർമാണം നിർവഹിച്ചിരിക്കുന്നത്.
സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. വർണാഭമായ ദൃശ്യങ്ങളും സംഗീതവും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ‘കറക്കം’ മികച്ചൊരു സിനിമാറ്റിക് അനുഭവമായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

