റായ്പൂർ: ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ലക്ഷ്യമിട്ടിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മുന്നിൽ 193 റൺസ് വിജയലക്ഷ്യം ഉയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 192 റൺസ് സ്കോർ ബോർഡിൽ എത്തിച്ചത്.
മഴയെത്തുടർന്ന് ഒരു മണിക്കൂർ വൈകി ആരംഭിച്ച മത്സരത്തിൽ കൊൽക്കത്തയ്ക്കായി അംഗ്രിഷ് രഘുവംശി അർധസെഞ്ചുറിയുമായി തിളങ്ങി. 46 പന്തിൽ 71 റൺസെടുത്ത രഘുവംശിയാണ് ടീമിന്റെ ടോപ് സ്കോറർ.
റിങ്കു സിംഗ് 29 പന്തിൽ 49 റൺസുമായി പുറത്താകാതെ നിന്നു. തുടക്കത്തിൽ ഫിൻ അലനും (18) അജിങ്ക്യ രഹാനെയും (19) ഭേദപ്പെട്ട
തുടക്കം നൽകിയെങ്കിലും ഇരുവരെയും വേഗത്തിൽ പുറത്താക്കാൻ ബെംഗളൂരു ബൗളർമാർക്കായി. പവർ പ്ലേ അവസാനിക്കുന്നതിന് മുൻപ് അലനെ ഭുവനേശ്വർ കുമാറും രഹാനെയെ ജോഷ് ഹേസൽവുഡും പുറത്താക്കി.
തുടർന്ന് ക്രീസിലെത്തിയ കാമറൂൺ ഗ്രീൻ (32) അംഗ്രിഷ് രഘുവംശിയുമായി ചേർന്ന് 68 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി. പതിമൂന്നാം ഓവറിൽ റാസിക് സലാം ഗ്രീനിനെ ബൗൾഡാക്കി ഈ കൂട്ടുകെട്ട് പൊളിച്ചെങ്കിലും, നാലാം വിക്കറ്റിൽ ഒന്നിച്ച റിങ്കു സിംഗും രഘുവംശിയും ചേർന്ന് ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.
നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 76 റൺസ് അടിച്ചുകൂട്ടി. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, റാസിക് സലാം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

