ഡിഗ്രി കോഴ്സിനിടയിൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന മത്സ്യത്തൊഴിലാളിയുടെ മകനിൽ നിന്ന് സർവകലാശാലാ നഷ്ടപരിഹാരമായി 75,000 രൂപ ഈടാക്കാനുള്ള നടപടി ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കേരള ഫിഷറീസ് സർവ്വകലാശാലാ റജിസ്ട്രാർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.
ബൈജുനാഥ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. പരാതിക്കാരന്റെ ശാരീരിക ബുദ്ധിമുട്ടുകൾ, തുടർന്നുള്ള ചികിത്സയും ശസ്ത്രക്രിയയും ചെയ്യേണ്ടി വന്ന അടിയന്തര സാഹചര്യം, കുടുംബത്തിന്റെ തീവ്രമായ സാമ്പത്തിക പ്രയാസങ്ങൾ, മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗമെന്ന നിലയിൽ സംവരണ ക്വാട്ടയിൽ പ്രവേശനം ലഭിച്ചതുമായ കാര്യങ്ങൾ സർവകലാശാല പ്രത്യേകമായി പരിഗണിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റൊരു കോളേജിലോ കോഴ്സിലോ ചേരുന്നതിനായി വിദ്യാർത്ഥികൾ സ്വമേധയാ പഠനം നിർത്തുന്ന ഘട്ടത്തിൽ സർവകലാശാലയ്ക്കുണ്ടാകുന്ന നഷ്ടം നികത്താനാണ് സാധാരണയായി ഈ തുക ഈടാക്കുന്നത്. എന്നാൽ ബാച്ചിലർ ഓഫ് ഫിഷറീസ് കോഴ്സിന് ചേർന്ന വിദ്യാർത്ഥിക്ക് കായിക പരിശീലനത്തിനിടയിലാണ് ഗുരുതരമായി പരിക്കേറ്റത്.
കാലിലെ ലിഗ്മെന്റിന് പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം ശസ്ത്രക്രിയയ്ക്കും വിധേയനായി. തുടർന്ന് കായിക പരിശീലനങ്ങളിൽ പങ്കെടുക്കുന്നത് അസാധ്യമാണെന്ന് ഡോക്ടർമാർ കർശന നിർദ്ദേശം നൽകിയതിനെത്തുടർന്നാണ് പഠനം നിർത്തേണ്ടി വന്നത്.
പരാതിക്കാരൻ മറ്റ് ഉയർന്ന പഠനസാധ്യതകൾ തേടിയല്ല ബാച്ചിലർ ഓഫ് ഫിഷറീസ് ഉപേക്ഷിച്ചതെന്നും കമ്മീഷൻ നിരീക്ഷിച്ചു. അതിനാൽ 2023 ലെ കീം പ്രോസ്പെക്ടസിലെ 12.2.4 (b)(ii) എന്ന വ്യവസ്ഥ ഈ വിദ്യാർത്ഥിക്ക് ബാധകമാകില്ലെന്ന് കെ.
ബൈജുനാഥ് ചൂണ്ടിക്കാട്ടി. വിദ്യാർത്ഥിയുടെ നിയന്ത്രണത്തിന് അതീതമായ ശാരീരിക അപര്യാപ്തതകളാണ് ഇവിടെ പ്രശ്നമായത്.
കായിക പരിശീലനം ആവശ്യമില്ലാത്ത മറ്റ് കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനോ തൊഴിൽ മേഖലയിലേക്ക് കടക്കുന്നതിനോ ആവശ്യമായ സർട്ടിഫിക്കറ്റുകളും മറ്റ് അക്കാദമിക് രേഖകളും ഉടൻ തിരികെ നൽകണമെന്നും കുഫോസ് റജിസ്ട്രാർക്ക് കമ്മീഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളുടെ വിശദാംശം രണ്ടാഴ്ചയ്ക്കകം കമ്മീഷനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് പള്ളിക്കണ്ടി ബീച്ച് സ്വദേശിയായ ടി.വി. മാധവ് നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഈ സുപ്രധാന ഉത്തരവ് ഉണ്ടായിരിക്കുന്നത്.
അതീവ ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ള തനിക്ക്, സർവകലാശാല ആവശ്യപ്പെട്ട 75,000 രൂപ അടച്ചുതീർക്കാൻ യാതൊരു നിവൃത്തിയുമില്ലെന്ന് ബോധിപ്പിച്ചാണ് വിദ്യാർത്ഥി കമ്മീഷനെ സമീപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

