ഡിറാം (DRAM) ഉൾപ്പെടെയുള്ള മെമ്മറി ചിപ്പുകളുടെയും സ്റ്റോറേജിന്റെയും വിലക്കയറ്റം സ്മാർട്ട്ഫോൺ വിപനിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ഉത്പാദനച്ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്മാർട്ട്ഫോൺ ഉത്പാദനത്തിൽ വൻ വെട്ടിക്കുറയ്ക്കലിന് ഒരുങ്ങുകയാണ് പ്രമുഖ ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്.
ഈ വർഷം നാലാം പാദത്തിൽ സ്മാർട്ട്ഫോൺ കയറ്റുമതിയിൽ 20 മുതൽ 30 ശതമാനം വരെ കുറവ് വരുത്താനാണ് കമ്പനിയുടെ തീരുമാനം. ഉത്പാദനം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സാംസങ് ഇതിനോടകം തന്നെ തങ്ങളുടെ ഘടക കക്ഷി വിതരണക്കാരെ ഔദ്യോഗികമായി വിവരം അറിയിച്ചിട്ടുണ്ട്.
നേരത്തെ ഈ വർഷം ഏകദേശം 270 ദശലക്ഷം സ്മാർട്ട്ഫോണുകൾ നിർമ്മിക്കാനായിരുന്നു കമ്പനി ലക്ഷ്യമിട്ടിരുന്നതെങ്കിൽ, പുതിയ സാഹചര്യത്തിൽ ഇത് 200 ദശലക്ഷമായി ചുരുങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വർദ്ധിച്ചുവരുന്ന അർദ്ധചാലക (semiconductor) വിലയും മെമ്മറി വിലയും കാരണം മൊബൈൽ ഡിവിഷന് ഫോൺ വിൽപ്പനയിലൂടെ കാര്യമായ ലാഭം നേടാൻ കഴിയുന്നില്ലെന്നാണ് വ്യവസായ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഈ വർഷത്തിന്റെ തുടക്കത്തിൽ ഉയർന്ന വിലയിലാണ് ഗാലക്സി എസ്26 അൾട്രാ (Galaxy S26 Ultra), ഇസെഡ് ഫോൾഡ് 8 (Z Fold 8) തുടങ്ങിയ പ്രീമിയം മോഡലുകൾ കമ്പനി വിപണിയിലിറക്കിയത്. മുൻനിര ഫോണുകളുടെ വിലയിൽ 100 ഡോളറിന്റെ വർദ്ധനവ് വരുത്തുകയും മിഡ്-റേഞ്ച് ഉപകരണങ്ങളുടെ വില ഉയർത്തുകയും ചെയ്തിട്ടും കമ്പനിക്ക് സാമ്പത്തിക ലാഭം ഉറപ്പാക്കാൻ സാധിച്ചിട്ടില്ല.
ഗാലക്സി എസ്26 സീരീസിനും ഇസെഡ് ഫോൾഡ് 8-നും വിപണിയിൽ മികച്ച ആവശ്യക്കാരുണ്ടായിരുന്നെങ്കിലും, നിർമ്മാണച്ചെലവിലുണ്ടായ വർദ്ധനവ് കമ്പനിക്ക് തിരിച്ചടിയായി മാറി. 2026-ലെ രണ്ടാം പാദത്തിൽ ചരിത്രത്തിലാദ്യമായി മൊബൈൽ ഡിവിഷന് വലിയ നഷ്ടം നേരിടേണ്ടി വന്നിരുന്നു.
മൊത്തത്തിലുള്ള ഡിവൈസ് എക്സ്പീരിയൻസ് (DX) വിഭാഗത്തിന് ഏകദേശം 544 ദശലക്ഷം ഡോളറിന്റെ നഷ്ടമാണുണ്ടായത്. ഇതിൽ 476 ദശലക്ഷം ഡോളറും മൊബൈൽ വിഭാഗത്തിന്റെ മാത്രം നഷ്ടമായിരുന്നു.
മെമ്മറി വില തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ മൂന്നും നാലും പാദങ്ങളിലും ഈ നഷ്ടം ആവർത്തിക്കാനാണ് സാധ്യത. അതേസമയം, മൊബൈൽ വിഭാഗം കടുത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോഴും സാംസങ്ങിന്റെ മെമ്മറി ചിപ്പ് ബിസിനസ്സ് റെക്കോർഡ് ലാഭമാണ് നേടിക്കൊണ്ടിരിക്കുന്നത് എന്നത് വിരോധാഭാസമാണ്.
2026-ലെ രണ്ടാം പാദത്തിൽ കമ്പനിയുടെ ലാഭം 1,810 ശതമാനത്തിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇത് ഗൂഗിൾ, എൻവിഡിയ തുടങ്ങിയ ആഗോള ഭീമന്മാരെ പോലും പിന്നിലാക്കുന്നതാണ്.
കൂടാതെ, 2026-ലെ മൂന്നാം പാദത്തിൽ ഏകദേശം 80.17 ബില്യൺ ഡോളറിന്റെ പ്രവർത്തന ലാഭം കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. ഇത് സാങ്കേതിക വിദ്യാരംഗത്തെ ഏതൊരു കമ്പനിയും ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽവെച്ച് ഏറ്റവും ഉയർന്ന ത്രൈമാസ ലാഭമായി മാറിയേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

