സംസ്ഥാനത്ത് ഓണക്കാല തിരക്കുകൾക്കിടെ ദേശീയപാതയിലൂടെയുള്ള യാത്ര യാതനയാകുന്നു. തൃശൂർ ഭാഗത്തേക്കുള്ള റോഡിൽ കൊരട്ടിയിൽ ആരംഭിച്ച ഗതാഗതക്കുരുക്ക് ചിറങ്ങര മേൽപാതയും പിന്നിട്ടു രണ്ടര കിലോമീറ്ററിലേറെ നീണ്ടു.
വിലപ്പെട്ട ജീവനും വാരിപ്പിടിച്ചോടിയ ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുരുക്കിൽ കിടന്നത് ഇരുപത് മിനിറ്റിലേറെയാണ്.
ദേശീയപാതയുടെ പ്രധാന ഭാഗം ഒരു കിലോമീറ്ററോളം അടച്ചു കെട്ടി മേൽപാലം നിർമാണം ആരംഭിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇരുഭാഗത്തുമുള്ള ഇടുങ്ങിയതും കുണ്ടും കുഴിയുമായ സർവീസ് റോഡിലൂടെയാണ് ഇപ്പോൾ ഇരുദിശകളിലേക്കും വാഹനങ്ങൾ കടത്തിവിടുന്നത്.
മഴ പെയ്തു വെള്ളം കെട്ടിക്കിടക്കുന്നതും നിർമാണ പ്രവർത്തനങ്ങളും യാത്രാക്ലേശം ഇരട്ടിയാക്കുന്നുണ്ട്. ബുധനാഴ്ച ഒന്നര മണിക്കൂറോളമാണ് വാഹനങ്ങൾ ദേശീയപാതയിൽ കുടുങ്ങിക്കിടന്നത്.
സമാന്തര വഴികളിലൂടെയും ഗ്രാമീണ റോഡുകളിലൂടെയും രക്ഷപ്പെടാൻ ശ്രമിച്ച വാഹനങ്ങളും ഒടുവിൽ ബ്ലോക്കിൽ അകപ്പെട്ടു. ഓണത്തിരക്കു മുറുകുന്നതോടെ കൊരട്ടി വഴിയുള്ള യാത്രക്കാർ കൂടുതൽ വലയാൻ സാധ്യതയുണ്ട്.
ചിറങ്ങരയിലും മുരിങ്ങൂരിലും മേൽപാതകൾ തുറന്നതോടെ ആ ഭാഗങ്ങളിലെ കുരുക്കിന് അയവു വന്നെങ്കിലും കൊരട്ടിയിൽ നിന്നുള്ള വാഹനങ്ങളുടെ നീണ്ട നിര അവിടേക്കും നീളുകയാണ്.
സ്ലാബ് തകർച്ചയും വൈദ്യുത മോഷണവും വിവാദത്തിൽ
ഗതാഗതക്കുരുക്കിനിടയിൽ സർവീസ് റോഡിലെ ഡ്രെയ്നേജിനു മുകളിലെ സ്ലാബ് തകർന്നതും സ്ഥിതി വഷളാക്കി. തകർന്ന സ്ലാബിന്റെ കോൺക്രീറ്റിങ് പൊട്ടിക്കാനുള്ള ജോലികൾക്കായി ഹൈ മാസ്റ്റ് ലൈറ്റിന്റെ മീറ്ററിൽ നിന്ന് കരാറുകാർ അനധികൃതമായി വൈദ്യുതി എടുത്തത് വിവാദത്തിന് വഴിവെച്ചു.
കെഎസ്ഇബി അധികൃതർ എത്തി തടഞ്ഞതിനെ തുടർണാണു പിന്നീട് ജനറേറ്റർ എത്തിച്ചു ജോലികൾ പൂർത്തിയാക്കിയത്. മാസത്തിൽ പത്തോളം സ്ലാബുകൾ ഇവിടെ തകരുന്നതായാണ് നാട്ടുകാരുടെ പരാതി.
ഭാരവാഹനങ്ങൾക്കു കൂടി പോകാവുന്ന ശേഷിയിൽ നിർമിച്ചതാണെന്ന് അവകാശപ്പെടുന്ന സ്ലാബുകൾ തകർന്നിട്ടും കരാറുകാർക്ക് എതിരെ കർശന നടപടി സ്വീകരിക്കാത്തതിൽ ജനപ്രതിനിധികളും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

