ചാരുംമൂട്ടിൽ യുവതിയെ ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഹരിപ്പാട് കാർത്തികപ്പള്ളി ചിങ്ങോലി ശോഭ ഭവനത്തിൽ ശരത്കൃഷ്ണൻ (33) ആണ് പിടിയിലായത്.
ചാരുംമൂട് താമരക്കുളം സ്വദേശിയായ യുവതിക്കാണ് ആക്രമണത്തിൽ ഗുരുതര പരുക്കേറ്റത്. മറ്റൊരു പ്രണയബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നായിരുന്നു ഈ ആക്രമണം.
തലയ്ക്കും മുഖത്തും ഗുരുതര വെട്ടേറ്റ യുവതിയെ അതിഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്തു ട്രാവൽ കമ്പനിയിലെ ജീവനക്കാരായിരുന്നു ഇരുവരും.
യാത്രാപരിപാടികൾ സംഘടിപ്പിച്ചിരുന്നത് ഇവർ ചേർന്നാണെന്നും, തങ്ങൾ ഒരുമിച്ചാണ് അവിടെ കഴിഞ്ഞിരുന്നതെന്നും ശരത്കൃഷ്ണൻ നൂറനാട് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. യുവതിയുടെ വിവാഹമോചനക്കേസ് കോടതിയിൽ നടന്നുവരികയാണ്.
നാട്ടിൽ തിരിച്ചെത്തിയ ശേഷം യുവതി തന്നിൽ നിന്ന് അകലുന്നതായും മറ്റൊരാളുമായി അടുപ്പമുണ്ടെന്നും സംശയം തോന്നിയതായും ഇയാൾ പറയുന്നു. ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെത്തുടർന്നാണ് ചൊവ്വാഴ്ച രാത്രിയോടെ ഇയാൾ യുവതിയുടെ വീട്ടിലെത്തിയത്.
തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയ ആയുധം ഉപയോഗിച്ച് തലയ്ക്കും മുഖത്തും വെട്ടുകയായിരുന്നു. മുഖത്തിന്റെ ഒരു ഭാഗം വെട്ടേറ്റ് പിളർന്ന നിലയിലാണ്.
രക്തം വാർന്ന് അബോധാവസ്ഥയിലായ യുവതിയെ ആദ്യം അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. ആക്രമണത്തിനു ശേഷം സ്ഥലംവിട്ട
പ്രതിയെ ബുധനാഴ്ച ഉച്ചയോടെയാണ് ഹരിപ്പാട്ടുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. നൂറനാട് സിഐ ശ്യാം മുരളി, എസ്ഐ കെ.ജി.ജവഹർ, ജിഎസ്ഐ കെ.സുരേഷ്, സിപിഒമാരായ മനുകുമാർ, മണിലാൽ, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ആക്രമണത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. സംഭവസ്ഥലത്ത് ആലപ്പുഴയിൽ നിന്നെത്തിയ വിരലടയാള വിദഗ്ധർ, പൊലീസ് ഫൊട്ടോഗ്രഫർ, സയന്റിഫിക് ഓഫിസർ എന്നിവർ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

