വിമാനത്താവളങ്ങൾക്ക് സമാനമായ സൗകര്യങ്ങളോടെയുള്ള ബസ് പോർട്ടുകൾ രാജ്യവ്യാപകമായി നിർമിക്കുന്ന പദ്ധതി കേന്ദ്രസർക്കാർ പുനരുജ്ജീവിപ്പിക്കുന്നു. ഗുജറാത്തിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ആദ്യഘട്ടമായി നാഗ്പുർ, തിരുപ്പതി, കത്ര (ജമ്മു കശ്മീർ) എന്നിവിടങ്ങളിലായി മൂന്ന് ബസ് പോർട്ടുകൾ സ്ഥാപിക്കാനാണ് തീരുമാനം. സംസ്ഥാന സർക്കാരുകളുമായി സഹകരിച്ചുകൊണ്ട് പദ്ധതി രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
ഇതിനാവശ്യമായ സാമ്പത്തിക സഹായം കേന്ദ്ര സർക്കാർ ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പുനൽകി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ, അതത് സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പുകൾ കണ്ടെത്തുന്ന ഭൂമിയിൽ നാഷനൽ ഹൈവേ ലോജിസ്റ്റിക്സ് മാനേജ്മെന്റ് ലിമിറ്റഡ് (NHLML) ആകും മേൽനോട്ടം വഹിക്കുക.
നേരത്തെ തിരുവനന്തപുരം ഈഞ്ചയ്ക്കലിൽ ഇത്തരമൊരു ബസ് പോർട്ട് പദ്ധതിക്ക് ആലോചനകൾ നടന്നെങ്കിലും പ്രായോഗികമായിരുന്നില്ല. അന്ന് പദ്ധതിച്ചെലവിന്റെ 40 ശതമാനം കേന്ദ്രം വഹിക്കുന്ന രീതിയായിരുന്നു പിന്തുടർന്നിരുന്നത്.
ഗുജറാത്തിലെ വഡോദര, അഹമ്മദാബാദ്, സൂറത്ത് എന്നിവിടങ്ങളിൽ ഇതിനോടകം തന്നെ ബസ് പോർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. അടുത്തിടെ പ്രഖ്യാപിച്ച തിരുപ്പതി ബസ് പോർട്ട് പദ്ധതിക്കായി 13 ഏക്കർ ഭൂമിയാണ് നീക്കിവച്ചിരിക്കുന്നത്.
98 ബസ് പ്ലാറ്റ്ഫോമുകളും 10 നിലകളുള്ള കെട്ടിട സമുച്ചയവുമടങ്ങിയ ഈ പദ്ധതിക്ക് 500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
ഇതേ മാതൃകയിൽ കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലും പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാന സർക്കാരിന് തുടർനടപടികൾ സ്വീകരിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

