അധ്യാപനത്തിനപ്പുറം സഹജീവികളോടുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും മാതൃക തീർക്കുകയാണ് കണ്ണൂർ മൈലുള്ളിമെട്ട കീഴത്തൂർ യുപി സ്കൂളിലെ അധ്യാപകർ.
സഹപ്രവർത്തകരുടെയും വിദ്യാർഥികളുടെയും വീടുകളിലെ വിശേഷ ദിവസങ്ങളിൽ സൗജന്യമായി വിഭവങ്ങൾ ഒരുക്കി നൽകിയാണ് ഇവർ നാടിന്റെ ശ്രദ്ധയാകർഷിക്കുന്നത്. ഇന്നലെ സഹപ്രവർത്തകയായ അധ്യാപിക കെ.വി.ഷെറീനയുടെയും, അരുൺ പ്രസാദിന്റെയും മകൾ നിവേദ്യ പ്രസാദിന്റെയും സിഞ്ജുവിന്റെയും വിവാഹസദ്യയ്ക്കായി ഭക്ഷണം പാകം ചെയ്തതും വിളമ്പിയതും പ്രധാനാധ്യാപിക എം.ശ്രീജ, അധ്യാപകരായ ഇ.രാഗേഷ്, കെ.ഒ.സുജിത്ത്, കെ.സി.അനിരുദ്ധ്, സി.എ.രാജേഷ്, സി.കെ.വൈശാഖ്, എം.ഷജിന, എം.ജിഷ, എം.അനുഷ എന്നിവർ ചേർന്നാണ്.
ആമ്പിലാട് സ്വദേശിയായ അധ്യാപകൻ ഇ.രാഗേഷാണ് ഈ സൗഹൃദ സംഘത്തിന്റെ പ്രധാന പാചകക്കാരൻ. സ്കൂൾ അടുക്കളയിൽ തയാറാക്കിയ ചോറും ഇരുപതോളം വിഭവങ്ങളുമാണ് ഓഡിറ്റോറിയത്തിൽ എത്തിച്ച് വിളമ്പിയത്.
രണ്ടു വർഷം മുൻപ് സ്കൂളിലെ പാചകപ്പുര നവീകരിച്ചതോടെയാണ് ഇത്തരമൊരു ആശയത്തിന് തുടക്കമിട്ടത്. ഓണാഘോഷത്തിന് വിദ്യാർഥികൾക്കായി സദ്യ ഒരുക്കിയ രാഗേഷിന്റെ കൈപ്പുണ്യം സഹപ്രവർത്തകർ തിരിച്ചറിഞ്ഞതോടെയാണ് ഈ കൂട്ടായ്മ വളർന്നത്.
തുടർന്ന് സഹപ്രവർത്തകയുടെ ഗൃഹപ്രവേശന ചടങ്ങിൽ ബിരിയാണി തയാറാക്കി നൽകി ഇവർ തങ്ങളുടെ സേവനം വിപുലമാക്കി. തലശ്ശേരി നോർത്ത് ഉപജില്ലാ കായികമേളയിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് രണ്ടു ദിവസം സൗജന്യമായി ഭക്ഷണം ഒരുക്കിയതും ഇ.രാഗേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
ഈ മാസം 13-ന് നടക്കുന്ന സ്കൂളിലെ പൂർവവിദ്യാർഥിയുടെ ഗൃഹപ്രവേശന ചടങ്ങിനും ബിരിയാണി തയാറാക്കി നൽകാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഈ അധ്യാപകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

