തിരുവനന്തപുരം: മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിലുണ്ടാകുന്ന കാലതാമസം സംബന്ധിച്ച് ഘടകകക്ഷികൾക്കിടയിലുള്ള പ്രതിഷേധം സ്വാഭാവികമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ പ്രതികരിച്ചു. “പ്രഖ്യാപനം നേരത്തെ വന്നിരുന്നെങ്കിൽ കുറച്ചുകൂടെ നന്നായേനെയെന്നും” അദ്ദേഹം അഭിപ്രായപ്പെട്ടു.
“മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ ചെറിയൊരു പ്രയാസം ആളുകൾക്കുണ്ട്. അതൊരു വസ്തുതയാണ്.
സർക്കാർ രൂപീകരിച്ച് മുന്നോട്ട് പോകുമ്പോൾ പ്രയാസങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നും ജനമനസ്സറിഞ്ഞ് മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്നും” വി എം സുധീരൻ കൂട്ടിച്ചേര്‍ത്തു. അതേസമയം, കേരളത്തിന്റെ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡ് നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
രാഹുല്‍ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷവും മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. പ്രഖ്യാപനത്തിന് മുന്നോടിയായി വി ഡി സതീശന്, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുമായി ഹൈക്കമാന്‍ഡ് നേതൃത്വം നേരിട്ട് സംസാരിക്കും.
പാർട്ടിക്കുള്ളിലെ തർക്കങ്ങൾ ഒഴിവാക്കാൻ മൂന്ന് നേതാക്കളെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നടപടികളാണ് ഹൈക്കമാൻഡ് ആസൂത്രണം ചെയ്യുന്നത്. കൂടാതെ, ഘടകകക്ഷി നേതാക്കളെയും തീരുമാനം ഔദ്യോഗികമായി അറിയിക്കും.
തീരുമാനം പ്രഖ്യാപിക്കുന്നതിലുണ്ടാകുന്ന കാലതാമസം പാർട്ടിക്കുള്ളിൽ പൊട്ടിത്തെറികൾക്ക് വഴിയൊരുക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. കെ സി വേണുഗോപാലിനെ ഒഴിവാക്കിയാൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ ഭാഗത്തുനിന്നും, വി ഡി സതീശനെ പരിഗണിച്ചില്ലെങ്കിൽ അദ്ദേഹത്തിന്റെ അനുകൂലികളിൽ നിന്നും പ്രതിഷേധങ്ങൾ ഉണ്ടായേക്കാമെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ്.
അതിനാൽ, നിയമസഭാ കക്ഷി യോഗത്തിന് തൊട്ടുമുമ്പായി തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത. നിലവിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒറ്റപ്പേര് എന്ന ധാരണയിലേക്ക് ഹൈക്കമാൻഡ് എത്തിയതായി സൂചനകളില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

