തൃപ്പൂണിത്തുറയിലും പരിസരപ്രദേശങ്ങളിലും ഇന്നലെ പെയ്ത കനത്ത മഴയിലും ആഞ്ഞുവീശിയ ശക്തമായ കാറ്റിലും വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. പള്ളിപ്പറമ്പകാവ് മേഖലയിൽ നൂറ്റിയമ്പത് വർഷത്തിലേറെ പഴക്കമുള്ള കൂറ്റൻ ആൽമരം കടപുഴകി വീണത് വലിയ ഭീതി പരത്തി.
ആളൊഴിഞ്ഞ പഴയ വീടിന് മുകളിലേക്കാണ് മരം പതിച്ചത്. ചാത്താരി കുളത്തുകടവിൽ മുരളിയുടെ വീട്, റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് മരം വീണ് തകർന്നു.
കിളിതുരുത്തിൽ ജിതേഷിന്റെ വീട്, സ്റ്റീൽയാഡ് ഭാഗത്തുനിന്നുള്ള മരം വീണ് ഭാഗികമായി നശിച്ചു. ലളിതകല അക്കാദമി മുൻ അധ്യക്ഷൻ ടി.എ.
സത്യപാലിന്റെ വീടിന്റെ ഷീറ്റുകളും, തെക്കുംഭാഗം കോരക്കൽ റോഡിൽ മണി അശോകന്റെ വീടിന്റെ ഒരു വശവും മരം വീണ് തകർന്നിട്ടുണ്ട്. ഹോസ്പിറ്റൽ റോഡിലും ബിഎസ്എൻഎൽ എക്സ്ചേഞ്ചിന് സമീപവും മരങ്ങൾ വൈദ്യുതി ലൈനിലേക്ക് വീണതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു.
നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. വടക്കേക്കോട്ട
– ശ്രീപൂർണത്രയീശ ക്ഷേത്രം റോഡ്, സ്റ്റാച്യു – ശ്രീപൂർണത്രയീശ ക്ഷേത്രം റോഡ്, കിഴക്കേക്കോട്ട – റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ വെള്ളം കാൽമുട്ടിന് മുകളിൽ ഉയർന്നതോടെ ഗതാഗതം ദുഷ്കരമായി.
വലിയ ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ വഴിയിൽ കുടുങ്ങി. ആംബുലൻസുകൾ ഉൾപ്പെടെ ഗതാഗതക്കുരുക്കിൽപ്പെട്ടത് സ്ഥിതി സങ്കീർണമാക്കി.
മരട് മേഖലയിലും ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. നെട്ടൂർ പി.കെ.വേണുഗോപാലൻ റോഡിൽ മരം വീണ് 11 കെവി പോസ്റ്റ് ഒടിഞ്ഞ് പുത്തൻ വീട്ടിൽ സോണി വില്യമിന്റെ വീട്ടിലേക്ക് ചരിഞ്ഞു.
ടി.കെ.അയ്യപ്പൻ മാസ്റ്റർ റോഡ്, വി.പി.പീറ്റർ റോഡ്, ഗ്രിഗോറിയൻ റോഡ് എന്നിവിടങ്ങളിലും മരങ്ങൾ വീണ് വൈദ്യുതി ബന്ധം തകരാറിലായി. വളന്തകാട് ദ്വീപിൽ ബാബുവിന്റെ ഷെഡ് ഉൾപ്പെടെ നിരവധി വീടുകളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നുപോയി.
കുണ്ടന്നൂരിലും സമാനമായ ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഫോറം മാളിന് എതിർവശം സർവീസ് റോഡിൽ മരം വീണു.
നെട്ടൂർ കോണത്തുള്ളിൽ സത്താറിന്റെ വീടിന് മുകളിൽ മാവ് ഒടിഞ്ഞു വീണു. കൂടാതെ രാജേഷിന്റെയും അഭിലാഷിന്റെയും വീടുകൾ ഭാഗികമായി തകർന്നു.
പൂണിത്തുറ അയ്യങ്കാളി റോഡിൽ മരം വീണ് ഏഴ് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു. കുമ്പളം, പനങ്ങാട് ഭാഗങ്ങളിലും വീടുകൾക്കും വൈദ്യുതി പോസ്റ്റുകൾക്കും കേബിളുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്.
അഗ്നിരക്ഷാ സേനയും കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും ചേർന്നാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

