കൊട്ടിയൂർ ടൗണിലെ ശ്രദ്ധേയനായ വ്യാപാരിയും നാട്ടുകാരുടെ പ്രിയങ്കരനുമായ ബിനോയ് ജേക്കബ് തുരുത്തിയിൽ (53) വാഹനാപകടത്തിൽ അന്തരിച്ചു. ചുങ്കക്കുന്ന് ഫാത്തിമമാതാ ഫൊറോനപ്പള്ളിക്ക് സമീപം വെച്ചായിരുന്നു ദാരുണമായ സംഭവം.
കൊട്ടിയൂരിൽ നിന്നും കൊളക്കാട്ടേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ബിനോയ്, മുന്നിൽ പോയ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ലോറി കണ്ട് സ്കൂട്ടർ ഇടതുവശത്തേക്ക് ഒതുക്കിയിരുന്നു. ഇതിനിടയിൽ സ്കൂട്ടർ ബസിന്റെ പിൻചക്രത്തിൽ കുടുങ്ങുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ വ്യാപാരികൾ കടകൾ അടച്ചിട്ട് ആശുപത്രിയിലേക്ക് കുതിച്ചെങ്കിലും, പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ജീവൻ നഷ്ടപ്പെട്ടു. ഏവർക്കും സുപരിചിതനും സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന വ്യക്തിയുമായിരുന്നു ബിനോയ്.
മുപ്പത്തിമൂന്ന് വർഷം മുൻപ് ഇരട്ട സഹോദരൻ ബിജോയിയോടൊപ്പം ചേർന്ന് കൊട്ടിയൂരിൽ ‘ട്വിങ്കിൾ ട്വിൻസ്’ എന്ന വ്യാപാര സ്ഥാപനത്തിന് തുടക്കം കുറിച്ചു.
നിലവിൽ ബിനോയ് പച്ചക്കറി കടയും ബിജോയ് ഫോട്ടോസ്റ്റാറ്റ്, ഡിടിപി സ്ഥാപനവും നടത്തി വരികയായിരുന്നു. വായനയോടും സിനിമയോടും വലിയ താൽപര്യം പുലർത്തിയിരുന്ന ബിനോയ്, സാമൂഹിക സേവന രംഗത്തും സജീവ സാന്നിധ്യമായിരുന്നു.
ആരുമറിയാതെ ചെയ്തിരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ നാട്ടുകാർ നന്ദിയോടെ സ്മരിക്കുന്നു. പരേതനായ റിട്ട.
പ്രധാനാധ്യാപകൻ തുരുത്തിയിൽ ജേക്കബിന്റെയും കുട്ടിയമ്മയുടെയും മകനാണ് ബിനോയ്. ഭാര്യ: ബിന്ദു (മണിക്കടവ് തറപ്പത്ത് കുടുംബാംഗം).
മക്കൾ: ആദി ജേക്കബ്, ആര്യ പീറ്റർ, അതിഥി അന്ന. സഹോദരങ്ങൾ: ബിജോയ് ജേക്കബ്, ബോബി എണ്ണച്ചേരിയിൽ (കണ്ണൂർ ജില്ലാ പഞ്ചായത്തംഗം), ബോണി ജേക്കബ്, ഡിൽ കാമിലോ ജേക്കബ്.
വിദേശത്തുള്ള ഇളയ സഹോദരൻ നാട്ടിലെത്തിയ ശേഷം സംസ്കാര ചടങ്ങുകൾ നടക്കും.

