ഇറാഖിൽ നിന്നുള്ള ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഈസ്റ്റ്-വെസ്റ്റ് ഓയിൽ പൈപ്പ്ലൈനിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ഈ സംഭവവികാസങ്ങളെ തുടർന്ന് ഇറാൻ–ഇറാഖ് അതിർത്തിയും അടച്ചിട്ടുണ്ട്. അതേസമയം, ഈ ആക്രമണത്തെ മുസ്ലിം വേൾഡ് ലീഗ് ശക്തമായി അപലപിച്ചു.
ഇതിനിടയിൽ, പ്രധാന വ്യാപാര പാതയായ ചെങ്കടലിലെ ബാബുൽ മൻദിബ് കടലിടുക്കിലെ തന്ത്രപ്രധാനമായ പെരിം ദ്വീപ് ഇറാൻ പിന്തുണയുള്ള ഹൂതികൾ പിടിച്ചെടുത്തു. ഈ ദ്വീപിൽനിന്ന് സൗദി പിന്തുണയുള്ള യെമൻ സേന പിൻമാറാൻ നിർബന്ധിതരായി.
ദ്വീപിനു സമീപമുള്ള ചെങ്കടൽ തീരത്തെ ധൂബാബ് നഗരവും സർക്കാർ സേനയിൽനിന്നും ഹൂതികൾ സ്വന്തമാക്കിയിട്ടുണ്ട്. ചെങ്കടൽ തീരത്തെ 6 ജില്ലകളിൽനിന്നും യെമൻ സേനയെ പൂർണ്ണമായി തുരത്തിയതായാണ് ഹൂതികളുടെ അവകാശവാദം.
ഹോർമുസ് കടലിടുക്ക് അടച്ചതുമൂലം സൗദിയിൽനിന്നുള്ള എണ്ണക്കപ്പലുകളിൽ ഭൂരിഭാഗവും ബാബുൽ മൻദിബ് വഴിയാണ് കടന്നുപോയിരുന്നത്. ഹൂതികളുടെ മുന്നേറ്റത്തെ പ്രതിരോധിക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രണ്ട് തവണ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നേരിട്ട് വിളിച്ച് സഹായം അഭ്യർത്ഥിച്ചെങ്കിലും ഈ ആവശ്യം ട്രംപ് നിരസിക്കുകയാണുണ്ടായത്.
ഹൂതികളുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കില്ലെന്നാണ് അമേരിക്കയുടെ ഔദ്യോഗിക നിലപാട്. എന്നാൽ, ചെങ്കടലിൽ സൗദിയുടേത് ഒഴികെയുള്ള മറ്റെല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാമെന്ന് ഹൂതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹോർമുസ് വിഷയത്തിൽ ഗൾഫ് രാജ്യങ്ങളുമായും ഇറാഖുമായും ചർച്ചകൾ നടത്താൻ ഇറാൻ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വരുന്ന തിങ്കളാഴ്ച ഒമാനിലാണ് നിർണ്ണായക യോഗം ചേരുന്നത്.
ഇന്നലെ ഹോർമുസ് കടലിടുക്കിലൂടെ വെറും 7 കപ്പലുകൾ മാത്രമാണ് കടന്നുപോയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

